ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന മറ്റൊരു സാമ്പത്തിക പാക്കേജുകൂടി കേന്ദ്ര സർക്കാർ ഉടനെ പ്രഖ്യാപിച്ചേക്കും. ഇടത്തരം ബിസിനസുകൾക്കുള്ള പലിശനിരക്ക് കുറയ്ക്കൽ, റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവർധന എന്നിവയ്ക്ക് ഊന്നൽ നല്‍കുന്നതാകും പാക്കേജെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു.
കൊവിഡ് വ്യാപനത്തെതുടർന്ന് വ്യക്തികളെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് സർക്കാർ 1.75 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. അതുപര്യാപ്തമല്ലെന്ന് വിവിധ വിഭാഗങ്ങളിൽനിന്ന് ആക്ഷേപമുയർന്നിരുന്നു.
രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്താൻ ജൂൺ-ഒക്ടോബർ പാദത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ വീണ്ടും കാൽശതമാനം കുറവുവരുത്തിയേക്കുമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കഴിഞ്ഞമാസം ആർ.ബി.ഐ റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്തിയിരുന്നു.