തിരുവനന്തപുരം: സർവീസ് പെൻഷൻ വിതരണത്തിനും വർഷാവസാന ബില്ലുകൾ ക്ലിയർ ചെയ്യുന്നതിനുമായി രാവിലെ 9 മുതൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികൾ തുറക്കുന്നത് വീണ്ടും 10 മണിയാക്കി. പെൻഷൻകാരുടെ തിരക്കൊഴിഞ്ഞതാണ് കാരണം. ഒരറിയിപ്പുണ്ടാകുന്നതുവരെ പെൻഷൻ വിതരണം തുടരുമെന്ന് ട്രഷറി അധികൃതർ അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതിയെന്ന നിർദ്ദേശം ട്രഷറികളിൽ പാലിക്കാനായില്ല. ജീവനക്കാർ കുറവായതിനാൽ പല ട്രഷറികളിലും മുഴുവൻ പേരും എല്ലാ ദിവസവും ഹാജരായി. പെൻഷൻകാർ ഒരുമിച്ചു വന്നതിനാൽ സാമൂഹ്യ അകലം സംബന്ധിച്ച നിബന്ധനകളും പൂർണമായും പാലിക്കാനായില്ല. മാർച്ച് 27 മുതൽ 31 വരെ ബില്ലുകൾ ഹാജരാക്കുന്ന തിരക്കായിരുന്നു.
ജീവനക്കാർക്ക് ഇനി ഒന്നിടവിട്ട
ദിവസം: ഡയറക്ടർ
ട്രഷറി അവശ്യ സർവീസായതിനാലാണ് മൂന്നിലൊന്ന് ജീവനക്കാർ ഓരോ ദിവസവും വന്നാൽ മതിയെന്ന ഉത്തരവ് നടപ്പിലാക്കാൻ പറ്രാതിരുന്നതെന്ന് ട്രഷറി ഡയറക്ടർ എ.എൻ. ജാഫർ പറഞ്ഞു. ലക്ഷക്കണക്കിന് പെൻഷൻകാർ വന്നതിനാൽ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗങ്ങളാക്കി തിരിക്കുകയായിരുന്നു. തിരക്ക് കുറഞ്ഞതിനാൽ പ്രവർത്തന സമയം വീണ്ടും പഴയ പോലെയാക്കി. ഇനി ജീവനക്കാർ ഒന്നിടവിട്ട ദിവസം ഹാജരായാൽ മതി.