വക്കം: കൊവിഡിനൊപ്പം നിലയ്ക്കാമുക്കിലെ പൊലീസ് ക്വാർട്ടേഴ്സുകൾക്കും ശാപമോക്ഷം നൽകാനുള്ള സാദ്ധ്യത തേടുകയാണ് നാട്ടുകാർ. വക്കം പഞ്ചായത്തിൽ നിലയ്ക്കാമുക്ക് ജംഗ്ഷനു സമീപം രണ്ടേക്കറോളം സ്ഥലത്ത് ഒമ്പത് വില്ലകളിലായി 15 കുടുംബത്തിന് താമസിക്കാവുന്ന തരത്തിലാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചത്. എന്നാൽ ഇന്ന് ഇത് നാശോന്മുഖമായ അവസ്ഥയിലാണ്. കൊറോണ പടരുന്ന സാഹചര്യത്തിൽ ഈ വില്ലകൾ ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വക്കത്ത് ഇതിനകം നൂറിലധികം പേർ വിവിധയിടങ്ങളിൽ നിരീക്ഷണത്തിലാണ്. ഇവരെ ഈ വില്ലകളിൽ പാർപ്പിച്ചാൽ കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്ന വോളന്റിയർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമാകും. പൊലീസ് ക്വാർട്ടേഴ്സ് ഇപ്പോൾ കടയ്ക്കാവൂർ പൊലീസിന്റെ തൊണ്ടി മുതൽ ശേഖരകേന്ദ്രമായി മാറിയിരിക്കുകയാണ്. തകർന്ന കെട്ടിടം നവീകരിക്കാൻ അർദ്ധ സർക്കാർ സ്ഥാപനമായ മിൽക്കോ ശ്രമം നടത്തിയിരുന്നു. ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദനത്തിതിനായി ക്വാർട്ടേഴ്സ് പരിസരത്ത കാട് വെട്ടിത്തെളിച്ച് ഗ്രോബാഗിലും തറയിലുമാായി പച്ചക്കറികൾ നട്ടെങ്കിലും പരിചരണത്തിന്റെ കുറവ് കാരണം പദ്ധതി പാളി. അതോടെ ക്വാർട്ടേഴ്സ് പരിസരം വീണ്ടും കടുകയറി. നിലവിൽ ക്വാർട്ടേഴ്സ് നവീകരിച്ച് എടുത്താൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് നാട്ടുകാരുടെ പക്ഷം.