ജനീവ: സ്വിറ്റ്സർലൻഡിൽ കൊവിഡ് ലോക്ക്ഡൗൺ ഏപ്രിൽ 26 വരെ നീട്ടി. ലോക്ക്ഡൗൺ കഴിഞ്ഞുള്ള നിയന്ത്രണങ്ങളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച പ്ലാൻ ഏപ്രിൽ 16ന് സർക്കാർ പ്രഖ്യാപിക്കും. ഏപ്രിൽ 19 വരെയായിരുന്നു നിലവിലെ ലോക്ക്ഡൗൺ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിൽ രോഗവ്യാപനം വർദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നീക്കം. ഘട്ടം ഘട്ടമായിട്ടാണ് ലോക്ക്ഡൗൺ പിൻവലിക്കുക. ലോക്ക്ഡൗൺ അവസാനിച്ചാലും കുറേ നാൾ കൂടി സാമൂഹിക അകലം പാലിക്കേണ്ടി വരും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 553 പേർക്കാണ് സ്വിറ്റ്സർലൻഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. 53 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ സ്വിറ്റ്സർലൻഡിൽ മരിച്ചവരുടെ ആകെ എണ്ണം 909 ആയി. മാർച്ച് 5നാണ് സ്വിറ്റ്സർലൻഡിൽ ആദ്യ മരണം രേഖപ്പെടുത്തിയത്. 23,404 പേർക്ക് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന ടിച്ചീനോയിലാണ് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 2,600 ലേറെ പേർക്കാണ് ടിച്ചീനോയിൽ മാത്രം രോഗം കണ്ടെത്തിയത്. ഇതേവരെ 213 പേർ ടിച്ചീനോയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ വോ, ജനീവ എന്നിവിടങ്ങളിലാണ്. വോയിൽ 4,200ഉം ജനീവയിൽ 3.900 പേർക്കും കൊവിഡ് കണ്ടെത്തി.