നെടുമങ്ങാട്: ഇത് ഇബ്നു എന്ന കുതിര ചങ്ങാതിയും നെടുമങ്ങാട്ടെ പ്രമുഖ പാത്ര വ്യാപാരിയും. ഒഴിവ് വേളകളിൽ കുതിരകളോടും ഒട്ടകങ്ങളോടും സഹവാസവും സല്ലാപാവും. ഇബ്നു കുതിരപ്പുറത്ത് പായുന്നതും കുതിരവണ്ടിയിൽ സഞ്ചരിക്കുന്നതും നെടുമങ്ങാട് നിവാസികൾക്ക് പരിചിതമായ കാഴ്ച.
ഈ ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാനും തന്റെ മക്കൾക്ക് കൂട്ടുകൂടാനും വളർത്തു മൃഗങ്ങളും പക്ഷികളും വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഇബ്നു പറയുന്നു. ബബിലി സൂപ്പർ സ്റ്റോർ ഉടമയായ മഞ്ച എം.എസ് മന്ദിരത്തിൽ ഇബ്നു എന്ന 34 കാരന് വളർത്തു മൃഗങ്ങളോടുള്ള ചങ്ങാത്തം കേവലം ബിസിനസ് അല്ല. ഈ ലോക്ക് ഡൗൺ കാലം അപൂർവ അവസരമായാണ് ഇബ്നു കാണുന്നത്. മൂന്ന് കുതിരകളും ഒരു ഒട്ടകവുമാണ് ഇബ്നുവിനും മക്കൾക്കും സല്ലപിക്കാനിപ്പോഴുള്ളത്. രണ്ട് ഒട്ടകം ഉണ്ടായിരുന്നതിൽ മെഹ്റ എന്ന ഒട്ടകം ഈയിടെ ചത്തു. ഇബിനു ഒന്ന് വിരൽ ഞൊടിച്ചാൽ സിൽക്കി എന്ന പെൺകുതിര രണ്ടു മാസം പ്രായമുള്ള മകൾ സിൻഡയുമായി അരികിലെത്തും. സിൽക്കിയുടെ ബെസ്റ്റ് ഫ്രണ്ടായ ഇസ എന്ന് പേരുള്ള ആൺ ഒട്ടകവും പതുക്കെപ്പതുക്കെ പിന്നാലെയും.ഗന്ധം മണത്ത് ഇബ്നുവിന്റെ സാന്നിദ്ധ്യം അവൻ തിരിച്ചറിയും.നൂറ് മീറ്റർ അകലെ നിന്നാലും മണം പിടിച്ച് ഈ ഒട്ടകം ഇബിനുവിന്റെ അരികിലെത്തും. കുഞ്ഞുനാൾ തൊട്ട് പക്ഷിമൃഗാദികളുമായി പുലർത്തിപ്പോരുന്ന ആത്മബന്ധമാണ് ഇബ്നുവിനെ പലജാതി പക്ഷിമൃഗാദികളുടെ യജമാനനാക്കിത്തീർത്തത്.
പ്രതിഫലം വേണ്ട
2018 - ൽ ഹൈദ എന്ന ആൺ കുതിരയെ സ്വന്തമാക്കിക്കൊണ്ടാണ് ഇബ്നു വ്യത്യസ്ത ഇനം മൃഗങ്ങളെ വളർത്താൻ തുടങ്ങിയത്.അടുത്തിടെ, കരുനാഗപ്പള്ളിയിൽ നിന്ന് കുതിരവണ്ടി ഉൾപ്പെടെ സിൽക്കി കുതിരയെ വാങ്ങി. പൊതുപരിപാടികൾ ആകർഷകമാക്കാൻ കുതിരകളും കുതിരവണ്ടിയും ആവശ്യപ്പെട്ട് വൻതുക പ്രതിഫലവുമായി പലരും സമീപിക്കാറുണ്ടെങ്കിലും ഇബ്നു അതിനു തയ്യാറല്ല. രാജസ്ഥാനിൽ നിന്നാണ് ഒട്ടകങ്ങളെ വാങ്ങിയത്. ഒട്ടകങ്ങളെയും കുതിരകളെയും പാർപ്പിക്കാൻ വീടിനു മുന്നിൽ പ്രത്യേകം ഷെഡ് തയ്യാറാക്കിയിട്ടുണ്ട്. മഴയും മഞ്ഞുമുള്ള സീസണിൽ ഒട്ടകങ്ങൾക്ക് സവിശേഷ പരിചരണം ഉറപ്പാക്കാറുണ്ട്.
മക്കളുമായും ചങ്ങാത്തം
വയ്ക്കോൽ, ഉണക്കപ്പുല്ല്, തവിട്, തൊട്ടാവാടി, പ്ലാവില എന്നിവയാണ് രണ്ടു കൂട്ടരുടെയും ഇഷ്ട ഭക്ഷണം. കടല, പയറ്, പരിപ്പ്, ചെറുപയർ, മുതിര, കപ്പലണ്ടി എന്നിവയും പ്രിയമാണ്. ഓരോ മാസവും പതിനായിരം രൂപ വീതം ഇവയുടെ ആഹാര കാര്യങ്ങൾക്കായി നീക്കി വയ്ക്കും. പാലക്കാട്, തത്തമംഗലം,അന്തിയൂർ തുടങ്ങിയ കേരളത്തിലെ കുതിരക്കമ്പോളങ്ങൾ സന്ദർശിച്ചാണ് ഇബ്നു കുതിരയെ വാങ്ങിയത്. ഉയരം, നിറം, സ്വഭാവം എന്നിവയെ അടിസ്ഥാനപ്പെടുത്തി അറുപതിനായിരം മുതൽ ലക്ഷങ്ങൾ വരെയാണ് കുതിരയുടെ വില. ഭാര്യ ഷിംനയും മക്കൾ അഞ്ച് വയസുകാരി അയോഫിയും രണ്ടു വയസുകാരി ലുത്ഫിയും പക്ഷിമൃഗാദികളുമായി നല്ല ചങ്ങാത്തമാണ്. ലാഭകരമല്ലെന്ന പേരിൽ പശുക്കളെയും മറ്റും ഉപേക്ഷിക്കുന്നവർ വളർത്തുമൃഗങ്ങളോടുള്ള ഇബിനുവിന്റെ കരുതലും സ്‌നേഹവും മാതൃകയാക്കണം.
മനം കവർന്ന് ഫാൻസി കോഴികൾ
നാല്പതോളം ഫാൻസി കോഴികളും ഇബിനുവിന്റെ വീട്ടുമുറ്റത്ത് പാറിപ്പറന്ന് ഉല്ലസിക്കുന്നുണ്ട്. പോരുകോഴി, ടർക്കി, ഗിനി, തൊപ്പിക്കോഴി, പോളിഷ് ക്യാപ്പ്, അമേരിക്കൻ ഡാൻഡം മുതലായ കോഴികൾ സന്ദർശകരുടെ മനം കവരും. ഗോതമ്പ് തവിടു തന്നെയാണ് ഇവറ്റകളുടെയും പ്രിയപ്പെട്ട ആഹാരം. ലവലേശം ലാഭേച്ഛ കൂടാതെ വില കൊടുത്ത് വാങ്ങുന്ന പക്ഷിമൃഗാദികൾക്ക് മികച്ച പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് ഇബ്നുവിന് നിർബന്ധമാണ്.
അറിയാൻ
കുതിരകൾ - 3 (ഒന്നിന് പ്രായം 2 മാസം)
ഒട്ടകം ഒന്ന് (ഇസയുടെ ജോഡി മെഹ്‌റ ഈയിടെ മരിച്ചു)
ദിവസവും രാവിലെയും രാത്രിയും രണ്ടു കിലോ തവിട് വീതം (കുതിരയ്ക്കും ഒട്ടകത്തിനും)
എല്ലാവരെയും പോറ്റാൻ 10 കിലോ തവിട് വേണം
അഴിച്ചു വിട്ടാൽ വീടിന്റെ പരിസരത്ത് ചുറ്റിനടക്കും
കുളി കഴിഞ്ഞ് വൈക്കോലും പുല്ലും കടല വർഗങ്ങളും വെള്ളവും ഇടവിട്ട് കൊടുക്കും
ഉച്ചയ്ക്ക് ഷെഡുകൾ ശുചീകരിക്കും
ഇരുട്ട് വീണാൽ കുതിരകൾ തനിയെ മടങ്ങിയെത്തും
ചെറിയ പ്രായത്തിൽ വീട്ടിൽ ആട്, തത്ത,പരുന്ത് എന്നിവയെ വളർത്തിയിരുന്നു
ആനയെ വാങ്ങാൻ ശ്രമം നടത്തിയെങ്കിലും ഭാരിച്ച ചെലവ് കാരണം തീരുമാനം മാറ്റി
സാധാരണ ദിനങ്ങളിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് പരിചരിക്കും