തിരുവനന്തപുരം: കാൽകഴുകൽ ശുശ്രൂഷയില്ലാതെ ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്‌മരണ പുതുക്കി ക്രൈസ്‌തവർ ഇന്നലെ പെസഹ ആചരിച്ചു. ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകളിൽ വൈദികരും ശുശ്രൂഷകരുമടക്കം അഞ്ച് പേരിൽ കൂടുതൽ പങ്കെടുത്തില്ല. ചടങ്ങുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികൾക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അപ്പം മുറിക്കൽ ചടങ്ങ് വീടുകളിൽ മാത്രമാണ് നടത്തിയത്.
മലങ്കര സഭയിൽ രാവിലെ നടന്ന ദിവ്യബലിയോടെ ചടങ്ങുകൾ പൂത്തിയാക്കി. ലത്തീൻ സഭയിൽ രാവിലെ ദിവ്യബലിയും ഉച്ചയ്‌ക്കുശേഷം പാദം കഴുകൽ ഒഴികെയുള്ള മറ്റു ചടങ്ങുകളും നടത്തി. യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്‌തുദേവനെ പീലാത്തോസിന്റെ സാന്നിദ്ധ്യത്തിൽ വിചാരണ ചെയ്യുന്ന ചടങ്ങിൽ രണ്ടു വീതം വൈദികരും വിശ്വാസികളും പങ്കെടുത്തു. പാദം കഴുകൽ ശുശ്രൂഷയിൽ 12 പേർ പങ്കെടുക്കണമെന്നതിനാലാണ് അത് ഒഴിവാക്കിയത്. രാത്രിയിൽ നടന്ന കുരിശ് ആരാധന കുടുംബ യൂണിറ്റുകളിൽ നിന്നുള്ള നാലുപേരെ വീതം പങ്കെടുപ്പിച്ചാണ് നടത്തിയത്. അരമണിക്കൂർ ഇടവിട്ട് നടത്തിയ കുരിശ് ആരാധന ഇന്നും തുടരുമെന്ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയം കമ്മിറ്റി പ്രസിഡന്റ് ആന്റണി പറഞ്ഞു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യവും പട്ടം മേജർ ആർച്ച് ബിഷപ്പ്സ് ഹൗസ് ചാപ്പലിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും വെട്ടുകാട് പള്ളിയിൽ ഫാ. ജോസഫ് ബാസ്റ്റിനും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് ബാധിതർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.
ദുഃഖവെള്ളിയാഴ്ചയായ ഇന്ന് നടക്കേണ്ട കുരിശിന്റെ വഴി, ശനിയാഴ്ച നടക്കേണ്ട പുത്തൻവെള്ളം വെഞ്ചരിപ്പ് തുടങ്ങിയവ പൂർണമായും ഒഴിവാക്കി. ഈസ്റ്റർ ദിനത്തിൽ രാവിലെയുള്ള കുർബാന അർപ്പണവും അടച്ചിട്ട ദേവാലയങ്ങളിലായിരിക്കും നടക്കുക.