കാട്ടാക്കട: പൊലീസ് സ്റ്റേഷനിൽ ഓട്ടോമാറ്റിക്ക് സാനിറ്റൈസർ സ്ഥാപിച്ച് യുവ ദന്തഡോക്ടർ. വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ സീനിയർ ലക്ചറർ ഡോ.സി. ആദർശാണ് സാനിറ്റൈസർ രൂപകൽപ്പന ചെയ്‌തത്. കോളേജിൽ ക്ലാസില്ലാതെ വീട്ടിലൊതുങ്ങിയ ആദർശിന്റെ പുത്തൻ കണ്ടുപിടിത്തത്തിന് പ്രചോദനമായത് കെെകഴുകൽ കേന്ദ്രങ്ങളിലെ സുരക്ഷിതമില്ലാത്ത സാനിറ്റെെസർ ഉപയോഗമാണ്. ഉപയോഗ ശൂന്യമായ കളിപ്പാട്ടങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങളും ചെറിയ പവർ ബാങ്കും ഉപയോഗിച്ച് നിർമ്മാണം. മിശ്രിതം തീരുന്ന മുറയ്ക്ക് നിറച്ച് ഉപയോഗിക്കാനാവും. ആര്യനാട്-കാട്ടാക്കട പ്രസ്ക്ലബ് ഭാരവാഹികളാണ് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ പൊലീസ് സ്റ്റേഷനിൽ വയ്ക്കാൻ അവസരം ഒരുക്കിയത്. സി.ഐ ഡി. ബിജുകുമാർ, കാട്ടാക്കട പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. പ്രഷീദ്, ഭാരവാഹികളായ വിനോദ് ചിത്ത്, ഡി.ടി. രാഗീഷ് രാജ, സതീഷ് എന്നിവർ ഡോ. ആദർശിനെ അഭിനന്ദിച്ചു.
ഫോട്ടോ. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് സാനിറ്റൈസർ