തിരുവനന്തപുരം: സൗജന്യറേഷൻ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിവരുന്ന പരിശോധന നാലാംദിവസത്തിലേക്ക് കടന്നപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ശാന്തിവിള, ഊക്കോട്,നഗരൂർ,പൊട്ടക്കുഴി , പത്തനംതിട്ട ജില്ലയിലെ പുതുശേരിഭാഗം, കോട്ടയം ജില്ലയിലെ വെച്ചൂർ,എറണാകുളം ജില്ലയിലെ അങ്കമാലി, അരീക്കൽ കവല, പാലക്കാട് ജില്ലയിലെ അഗളി എലച്ചി വഴി എന്നിവിടങ്ങളിലെ എട്ട് റേഷൻ കടകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ വെട്ടിപ്പ് നടത്തിയതാണ് വിജിലൻസ് പരിശോധനയിൽ വ്യക്തമായത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശചെയ്തതായി വിജിലൻസ് ഡയറക്ടർ അറിയിച്ചു.ലോക്ക് ഡൗണിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുള്ള പരിശോധനകളും വിവധ സ്ഥലങ്ങളിൽ നടന്നു. തിരുവനന്തപുരത്ത് 39 ഉം പത്തനംതിട്ടയിൽ 7ഉം കോഴിക്കോട് 13ഉംമലപ്പുറത്ത് 11ഉം വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ലോക്ക് ഡൗൺ കാലത്ത് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ വരുംദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധനകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു