ഒരു പൊതുപ്രവർത്തകന് അവശ്യം വേണ്ട മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും, പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവയ്‌ക്കുകയും ചെയ്‌ത നേതാവായിരുന്നു, ഇന്നലെ അന്തരിച്ച ടി.വി. ബാബു.
പത്തു വർഷം കെ.പി.എം എസ് അദ്ധ്യക്ഷനായും മൂന്നു വർഷം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഏതാനും മലയാളികളിൽ ഒരാളാണ്. എന്നാൽ ആ ബന്ധം പുറത്തറിയിച്ച് മുതലെടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല.
പട്ടിക ജാതിക്കാരുടെ സംവരണാനുകൂല്യം, പട്ടികജാതിയിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവർക്കു കൂടി നൽകാനുള്ള രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം ജ്വലിച്ച നാളുകളിലാണ്, അന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഞാൻ ബാബുവുമായി പരിചയപ്പെടുന്നത്. വിദ്യാഭ്യാസത്തിലും മറ്രും മുന്നിലായിരുന്ന പരിവർത്തിതർക്കു കൂടി ആനുകൂല്യങ്ങൾ വിഭജിക്കപ്പെട്ടാൽ ജോലിയിലും വിദ്യാഭ്യാസത്തിലും കിട്ടുമായിരുന്ന നേട്ടങ്ങളെല്ലാം അവർ കൊണ്ടുപോകുമെന്നും പട്ടികജാതിക്കാർ സമൂഹത്തിന്റെ അടിത്തട്ടിൽത്തന്നെ കിടക്കുമെന്നും ബോദ്ധ്യമുണ്ടായിരുന്ന അദ്ദേഹം കേരളത്തിൽ രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ടിനെതിരെ സമരത്തിനിറങ്ങുകയായിരുന്നു.
സി.പി.ഐ നേതാവ് കൂടിയായിരുന്നു ബാബു. സ്വതവെ ഇടതുപക്ഷത്തായിരുന്ന കെ.പി.എം.എസ് മാറിച്ചിന്തിക്കാൻ തുടങ്ങിയത് 2010 നു ശേഷമാണ് . ആദ്യമൊക്കെ സമുദായത്തിന് അനുകൂല നിലപാടെടുത്ത ഇടതുപക്ഷം തങ്ങൾ എപ്പോഴും ഒപ്പം നിൽക്കുമെന്ന ധാരണയിൽ സമുദായത്തെ വഞ്ചിക്കുകയാണെന്ന വിലയിരുത്തലിൽ അവരെത്തി. ഈ സമയത്താണ് കെ.പി.എം.എസും ബി.ജെ.പിയും കൂടുതൽ അടുക്കുന്നത്.
കായൽ സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന് കൊച്ചിയിൽ നടത്തിയ സമ്മേളനത്തിൽ, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാൻ കെ.പി.എം.എസ് എടുത്ത തീരുമാനം ചരിത്രപരമായിരുന്നു. കേരളത്തിൽ ഇടതുപക്ഷവും യു.ഡി.എഫും മോദിക്ക് അയിത്തം കല്പിച്ചിരുന്ന സമയമായിരുന്നു അത്. തുടർന്ന് 2014 സെപ്തംബറിൽ ഡൽഹിയിൽ അയ്യങ്കാളി ജയന്തി ആഘോഷത്തിലും മോദി പങ്കെടുത്തു. അപ്പോഴേക്കും അദ്ദേഹം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അയ്യങ്കാളി ജയന്തിയിൽ പങ്കെടുക്കുന്നത്.
പട്ടികജാതിക്കാരുടെയും പാവപ്പെട്ടവരുടെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന താത്‌പര്യത്തെക്കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയ സമയം. കോൺഗ്രസിനാകട്ടെ, പിന്നാക്കക്കാരുടെ ചാമ്പ്യൻ എന്ന പദവി പൂർണമായും നഷ്ടപ്പെട്ടിരുന്നു. പട്ടികജാതി മോർച്ചയും കെ.പി.എം.എസും സംയുക്തമായാണ് ഡൽഹി പരിപാടി സംഘടിപ്പിച്ചത്. സംഘാടകരെന്ന നിലയ്ക്ക് ഞങ്ങൾ രണ്ടുപേരും ഡൽഹിയിൽ കുറച്ചുദിവസം ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായ ശേഷം കേരളത്തിലെത്തിയ നരേന്ദ്രമോദി ഒരു പരിപാടിയിൽ പങ്കെടുക്കവെ, വേദിയിൽ ടി.വി.ബാബുവിനെ കാണാഞ്ഞ് തിരക്കി. സദസ്സിൽ മുൻ നിരയിലുണ്ടായിരുന്ന ബാബുവിനെ വേദിയിലേക്കു വിളിച്ച് സംസാരിക്കുകയും ചെയ്തു. ആ ബന്ധം അവസാനം വരെ തുടർന്നു. ദീർഘകാലം പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ചതിനാൽ മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞോ എന്നറിയില്ല. അവരുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വ്യാകുലതകളുണ്ടായിരുന്നു. അതേസമയം, തന്റെ സ്വാധീനം കുടുംബത്തിനായി ദുരുപയോഗിക്കാൻ അദ്ദേഹം തയ്യാറായില്ല. അതാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് ടി.വി.ബാബു ഉയർത്തിപ്പിടിച്ച മൂല്യം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പിന്നാക്ക വിഭാഗങ്ങൾക്ക് അവരുടെ ഹൃദയം തൊട്ടറിഞ്ഞ നിഷ്കാമകർമ്മിയായ ഒരു പോരാളിയെയാണ് നഷ്ടമായത്.