rave

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകൾ നടത്താൻ സർക്കാർ തയ്യാറാണ്.

ഓൺലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാൽ അങ്ങനെ ചെയ്യാൻ സംവിധാനങ്ങളുണ്ട്. മറിച്ച് സാമ്പദ്രായിക തരത്തിൽ പരീക്ഷ നടത്തണമെങ്കിൽ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ നമ്മൾ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാൽ ഉടനടി പരീക്ഷകൾ നടത്തും. ജൂൺ 1-ന് തന്നെ സ്കൂൾ തുറക്കണമെന്നാണ് പ്രതീക്ഷ. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും എത്തിയിട്ടുണ്ട്.വിദേശത്ത് നിന്ന് പുതുതായി നാട്ടിലേക്ക് പഠിക്കാനായി വരുന്നവർക്ക് അഡ്മിഷൻ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നൽകി