lab

തിരുവനന്തപുരം: വ്യക്തികളെ അണുവിമുക്തമാക്കാൻ ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേ വികസിപ്പിച്ചതിന് പിന്നാലെ അണുബാധയുള്ള ശരീര സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സൂപ്പർ അബ്‌സോർബന്റും കണ്ടെത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമാവുകയാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്.

ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനും ഫലപ്രദമായി രൂപപ്പെടുത്താവുന്ന 'ചിത്ര അക്രിലോസോർബ് സെക്രീഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം' എന്ന സംവിധാനമാണ് ഇവിടെ വികസിപ്പിച്ചത്. ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനും ഫലപ്രദമാണിത്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള ബയോ മെറ്റീരിയൽ സയൻസ് ആന്റ് ടെക്‌നോളജിയിലെ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് സൂപ്പർ അബ്‌സോർബന്റ് വികസിപ്പിച്ചത്. ''രോഗിയിൽ നിന്ന് രോഗ കാരണമാകുന്ന സ്രവങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുക പ്രധാനപ്പെട്ട സംഗതിയാണ്. അണുബാധ നീക്കം ചെയ്യുന്ന വസ്തു അടങ്ങിയ സൂപ്പർ അബ്‌സോർബന്റ് ജെൽ രോഗി അപകടാവസ്ഥയിലാകും മുമ്പ് സുരക്ഷിതമായി സ്രവങ്ങളെ വലിച്ചെടുക്കാനും അണുബാധ ഇല്ലാതാക്കാനും വളരെ ഫലപ്രദമാണ്'' - ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ പറഞ്ഞു.

അക്രിലോസോർബിൻ സ്രവങ്ങളെ അതിന്റെ ഖരരൂപത്തിലുള്ളതിനേക്കാൾ 20 മടങ്ങ് അധികമായി വലിച്ചെടുക്കാനും അണുബാധ ഇല്ലാതാക്കാനും ശുദ്ധീകരിക്കാനും കഴിയും. വലിച്ചെടുക്കുന്ന വസ്തുവിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സ്രവങ്ങളെ കട്ടിയാക്കുകയും തത്‌‌സ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്യും. ഇത് സ്രവങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും അണുബാധ ഇല്ലാതാക്കുകയും ചെയ്യുന്നു.

രോഗികളിൽ നിന്ന് നീക്കം ചെയ്യുന്ന സ്രവങ്ങൾ സംസ്‌കരിക്കുക എന്നത് ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്‌നമാണ്. കൊവിഡ് 19 പോലെയുള്ള സാംക്രമിക രോഗം ബാധിച്ചവരിൽ നിന്നുള്ള സ്രവങ്ങളാകുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നഴ്‌സിംഗ്- ക്ലീനിംഗ് ജീവനക്കാരാണ് ഇത്തരം സ്രവങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നത്. ശ്രമകരവും അപകടകരവുമായ ഇവരുടെ ജോലി സുരക്ഷിതവും അനായാസവുമാക്കാൻ സൂപ്പർ അബ്സോ‌ർബന്റിന്റെ കണ്ടുപിടിത്തം സഹായകമാണ്.