ഇടുക്കി: ഇടുക്കിയിലെ പൊതുപ്രവർത്തകനിൽ നിന്ന് കൊവിഡ് പകർന്ന രണ്ട് പേർ ആശുപത്രി വിട്ടു. പൊതുപ്രവർത്തകനിൽ നിന്ന് രോഗബാധയേറ്റ ബൈസൺ വാലിയിലെ അധ്യാപികയും മകനുമാണ് മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇവർ ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
കൊവിഡ് 19 ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയും ആശുപത്രി വിട്ടു. തൃശ്ശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായി. കൊച്ചിയിൽ കൊവിഡ് ബാധിതനായിരുന്ന ഊബർ ഡ്രൈവർ വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജാകും.