കിളിമാനൂർ: കിളിമാനൂരിൽ വീണ്ടും അഴുകിയ മത്സ്യം പിടികൂടി. ജില്ലാതിർത്തിയിൽ വാഴോട്ട് കൊവിഡ് വാഹന പരിശോധനയിലാണ് ഒരു കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടിയത്. ആലപ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുവന്ന 1800 കിലോ വങ്കട മത്സ്യമാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി അഴുകിയ മീനെന്ന് ഉറപ്പു വരുത്തുകയും പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ നശിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ തവണയാണ് ഇവിടെ അഴുകിയ മത്സ്യം പിടികൂടുന്നത്. കിളിമാനൂർ സി.ഐ.കെ.ബി. മനോജ് കുമാർ, എസ്.ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യം പിടികൂടിയത്.