തിരുവനന്തപുരം: നാല് വർഷത്തിനുള്ളിൽ നാല് വൻദുരന്തങ്ങൾ നാടിനും ജനതയ്ക്കും ഏറ്റുവാങ്ങേണ്ടിവന്ന കാലത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ തലവിധിയിൽ മുല്ലപ്പള്ളി രാമചന്ദ്രന് അസൂയയല്ല, സഹതാപമാണുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പ്രസ്താവിച്ചു.
പിണറായി ഭീരുവും കേരളം കണ്ട ഏറ്റവും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് മുല്ലപ്പള്ളി പല തവണ പറഞ്ഞിട്ടുള്ളത് കെ.പി.സി.സിയുടെ വ്യക്തമായ അഭിപ്രായമാണ്. ഗൾഫ് രാജ്യങ്ങളിലെ ലേബർ ക്യാമ്പുകളിൽ മാനസികവും ശാരീരികവുമായി നീറിക്കഴിയുന്ന ആയിരങ്ങളെയും അവരുടെ കുടുംബങ്ങളെയും കൂടി പ്രവാസികളായി കണക്കാക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. ശതകോടീശ്വരന്മാരെ മാത്രം പ്രവാസികളുടെ ലിസ്റ്റിൽ മുഖ്യമന്ത്രി ഉൾപ്പെടുത്തുന്നതിന് കേരളത്തിൽ കോടികൾ പൊടിച്ച് നടത്തിയ രണ്ട് പ്രവാസി സമ്മേളനങ്ങൾ സാക്ഷിയാണ്. മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടതിനാലാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. മുഖ്യമന്ത്രി കണ്ണൂരിലെ പാർട്ടി സെക്രട്ടറിയായി തരം താഴരുതെന്നും ശൂരനാട് രാജശേഖരൻ ഒാർമ്മിപ്പിച്ചു.