italy

റോം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങളുമായി ഇറ്റലിയിലെ വടക്കൻ ലൊംബാർഡി മേഖലയിലെ നഗരം. കനോനിക്ക മുൻസിപ്പാലിറ്റിയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ച് പ്രദേശത്തെ പുരുഷൻമാർക്കും സ്ത്രീകൾക്കും അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകണമെങ്കിൽ പ്രത്യേക ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലെ തിരക്കൊഴിവാക്കാനാണ് പുതിയ നടപടി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സ്ത്രീകൾക്കും മറ്റുള്ള ദിവസങ്ങളിൽ പുരുഷൻമാർക്കും കടകളിൽ പോകാം. നിയമം തെറ്റിക്കുന്നവർക്ക് 400 യൂറോ വരെ പിഴ ഈടാക്കും. 9,000ത്തിലേറെ പേർക്ക് ജീവൻ നഷ്ടമായ കൊറോണ വൈറസ് പ്രഭാവകേന്ദ്രമായ ലൊംബാർഡിയിലെ ബെർഗാമോയ്ക്ക് അടുത്താണ് കനോനിക്ക. 4,400 പേർ താമസിക്കുന്ന കനോനിക്കയിൽ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ ഒരുമാസമായി ഇറ്റലിയിലെ 60 ദശലക്ഷം ജനങ്ങൾ ക്വാറന്റൈനിലാണ്. ലൊംബാർഡി ഉൾപ്പെടെയുള്ള റെഡ് സോൺ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. അതേ സമയം, പുരുഷൻമാർക്ക് സ്ത്രീകളെക്കാൾ ഒരു ദിവസം അധികം ലഭിച്ചിരിക്കുന്നതിനെ ചിലർ വിമർശിക്കുന്നുണ്ട്. പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളാണ് കടകളിൽ പോയി വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

മരിച്ച ഡോക്ടർമാരുടെ എണ്ണം 100 കവിഞ്ഞു

ഇറ്റലിയിൽ മരിച്ച ഡോക്ടർമാരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 4 ഡോക്ടർമാരാണ്. 30 നഴ്സുമാരും മരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളെ ചികിത്സിക്കാനെത്തിയ റിട്ടയേർഡ് ഡോക്ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എമർജൻസി കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിച്ച 8,000 ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ ഇറ്റലിയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നത്. ലൊംബാർഡി മേഖലയിലാണ് കൂടുതൽ ഡോക്ടർമാരും മരിച്ചത്. ആകെ 13,121 ആരോഗ്യ പ്രവർത്തകർക്കാണ് ഇറ്റലിയിൽ കൊവിഡ് ബാധ പിടിപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം 542 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 17,669 ആയി. ഇറ്റലിയിൽ ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്ക് 969 ആയിരുന്നു. മാർച്ച് 27നായിരുന്നു ഇത് രേഖപ്പെടുത്തിയത്. അത്യാസന്ന നിലയിലുള്ള രോഗികളുടെ എണ്ണത്തിൽ നല്ല കുറവുണ്ട്. ഇപ്പോൾ 3,693 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഇന്നലെ രജിസ്റ്റർ ചെയ്തത് 3,836 കേസുകളാണ്. ആകെ രോഗബാധിതരുടെ എണ്ണം 139,422 ആണ്.