apr09a

ആറ്റിങ്ങൽ: ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്ന കുട്ടികളുടെ സാഹിത്യവാസനകൾ പുറം ലോകത്തെത്തിക്കാൻ ആരംഭിച്ച 'താഴ്‌ചിത്രമണി" ഓൺലൈൻ മാസിക ജനശ്രദ്ധ നേടുന്നു. കരവാരം പഞ്ചായത്തിലെ ഞാറയ്ക്കാട്ടുവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒപ്പം ചാരി​റ്റിയാണ് കുട്ടികൾക്കായി മാസിക പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗവാസനകൾ ഉണർത്തി അവരെ നാളെയുടെ കരുത്താക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ലോക്ക് ഡൗണിനെ അനുസ്മരിപ്പിക്കാനാണ് താഴ്‌ചിത്രമണി എന്ന പേര് സ്വീകരിച്ചതെന്ന് മാസികയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കേരളത്തിലെ എല്ലാ കുട്ടികളെയും ലക്ഷ്യമിട്ട് വരുന്ന ലക്കങ്ങൾ പുറത്തിറക്കാനാണ് തീരുമാനം. മേവർക്കൽ സ്‌കൂളിലെ ഓരോ ക്ലാസിലെയും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ള വാട്സാപ് ഗ്രൂപ്പുകൾ വഴി സമാഹരിച്ച കുട്ടികളുടെ രചനകൾ ഹെഡ്മാസ്റ്ററുടെ ചാർജ് വഹിക്കുന്ന പ്രേമചന്ദ്രനാണ് മാസികയ്ക്ക് നൽകിയത്. അവശർക്ക് ചികിത്സാ സഹായവും പഠന സഹായവും നൽകാനാണ് ഞാറയ്ക്കാട്ടുവിളയിലെ ചെറുപ്പക്കാർ ചേർന്ന് മൂന്നു വർഷം മുൻപ് ഒപ്പം ചാരിറ്റി രൂപീകരിച്ചത്.

കുരുന്നുകളുടെ സ്വന്തം മാസിക

പ്രധാനമായും മേവർക്കൽ ഗവ. എൽ.പി.എസിലെ കുരുന്നു പ്രതിഭകളാണ് ഈ മാസികയിൽ സജീവമായിട്ടുള്ളത്. കഥകൾ, കവിതകൾ, ചിത്രങ്ങൾ, ഡയറികുറിപ്പുകൾ, പുസ്തകങ്ങളുടെയും വീഡിയോകളുടെയും ആസ്വാദനകുറിപ്പുകൾ, ഇഷ്ടഭക്ഷണത്തെ കുറിച്ചുള്ള കുറിപ്പുകൾ, വീട്ടിലുള്ള മുതിർന്നവരുമായുള്ള അഭിമുഖം തുടങ്ങിയവ മാസികയെ മികവുറ്റതാക്കുന്നു.