തിരുവനന്തപുരം:കൊവിഡ് 19 രോഗം ബാധിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഫലം പോസിറ്റീവ് ആകുകയും ചെയ്ത പോത്തൻകോട്ടെ ജനങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ. പരിശോധനയ്ക്ക് അയച്ച ഇരുന്നൂറിലധികം പേരുടെ സ്രവം പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആയതാണ് സർക്കാരിനും ജനങ്ങൾക്കും ആശ്വാസമേകുന്നത്. വിദേശത്ത് നിന്ന് വന്നവരും ബന്ധുക്കളും അടക്കം 250 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇനി ആകെ 89 പേർ മാത്രാണ് നിരീക്ഷണത്തിലുള്ളത്. രോഗം ബാധിച്ച് മരിച്ച വാവറമ്പലം കൊച്ചാലുംമൂട് പാട്ടുവിളാകത്ത് വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യയും മക്കളും നിരീക്ഷണത്തിലാണ്. എന്നാലിവർക്ക് വൈറസ് ബാധയില്ല. കൊവിഡ് പൊസിറ്റീവായ ആളുടെ ബന്ധുക്കളും ക്വാറന്റൈനിലാണ്. സംസ്ഥാനത്ത് ഏതെങ്കിലും ഒരു പ്രദേശത്ത് ഏറ്റവും കൂടുതൽ സ്രവം പരിശോധന നടത്തിയത് പോത്തൻകോട്ട് നിന്നാണ്. മരിച്ച അബ്ദുൽ അസീസിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇവിടെ സമൂഹവ്യാപനം ഉണ്ടാകാതിരുന്നതിലൂടെ വലിയൊരു വിപത്താണ് ഒഴിഞ്ഞത്.
ജാഗ്രത തുടരും: മന്ത്രി കടകംപള്ളി
ജില്ലയിൽ കൊവിഡ് 19 ആശങ്ക ഒഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ തലസ്ഥാന ജില്ലയെന്ന നിലയിൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും കളക്ടറേറ്റിൽ അവലോകന യോഗത്തിനു ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഇപ്പോൾ നാല് പേർ മാത്രമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. നിസാമുദീനിൽ നിന്ന് വന്നവർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പോത്തൻകോട്ട് രോഗം ബാധിച്ച് മരിച്ചയാളുടെ രോഗകാരണം കണ്ടെത്താനാകാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രദേശത്ത് കർക്കശമായ നിലപാട് സ്വീകരിക്കേണ്ടി വന്നിരുന്നു. ഈ നിലപാട് ഗുണം ചെയ്തെന്നും മന്ത്രി പറഞ്ഞു.