കാട്ടാക്കട: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ചെന്നൈയിൽ നിന്ന് കാട്ടാക്കടയിൽ എത്തിയവർ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. ചെന്നൈയിൽ പോർട്ട് ജോലിക്കാരനും കുറ്റിച്ചൽ കള്ളോട് സ്വദേശിയുമായ മുഹമ്മദ് അൽത്താഫ്, ഇയാളുടെ സുഹൃത്തും ഡ്രൈവറുമായ സലിം എന്നിവരാണ് ഇന്നലെ രാവിലെ 11 ഓടെ കാട്ടാക്കടയിൽ പിടിയിലായത്. തമിഴ്നാട് രജിസ്‌ട്രേഷൻ കാറിൽ എത്തിയവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈയിൽ നിന്ന് മീൻ, മലക്കറി ലോറികളിൽ കയറി അതിർത്തി പ്രദേശത്ത് എത്തുകയും തുടർന്ന് സലീമിന്റെ കാറിൽ സ്വദേശമായ കുറ്റിച്ചലേക്ക് പോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് മനസിലായത്. സംശയകരമായ സാഹചര്യത്തിൽ എത്തിയ വാഹനത്തെ എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ സുരേഷ്, സി.പി.ഒ വിജു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് കുറ്റിച്ചൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ആംബുലൻസ് എത്തിച്ച് ഇരുവരെയും നെയ്യാറ്റിൻകര ആശുപത്രിയിലും അവിടെ നിന്ന് ലൂർദ്ദ് മാതയിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയുമായിരുന്നു. പരിശോധന ഫലം വരുന്നതുവരെ ഇരുവരും ഇവിടെ നിരീക്ഷണത്തിലായിരിക്കും. അതേസമയം വിലക്ക് ലംഘിച്ച് യാത്ര ചെയ്തതിന് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ അറിയിച്ചു.