തിരുവനന്തപുരം : കൊവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസമ ഉപയോഗിച്ച് കൊവിഡ് ചികത്സയ്ക്ക് സംസ്ഥാനത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അനുമതി നൽകിയതോടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഡ്രഗ്സ് കൺട്രോളറുടെ അനുമതി കൂടി ലഭിച്ചാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനത്തിന് ഈ അനുമതി കിട്ടുന്നത്. കൊവിഡ് ബാധിച്ച് മാരകാവസ്ഥയിലായവർക്ക് ചികിത്സ ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.
രക്തദാനത്തിന് നിലവിലുള്ള പ്രോട്ടോക്കോളിൽ വ്യത്യാസം വരുത്തണം. രക്തദാനം നടത്തുന്നവർക്ക് മൂന്നു മാസത്തിനിടെ പനിയോ ശ്വാസകോശ രോഗങ്ങളോ പാടില്ല. വിദേശയാത്രയും ഉണ്ടാകരുത്. ഈ നിബന്ധനകളിൽ ഇളവ് ലഭിച്ചാലേ കൊവിഡ് മുക്തി നേടിവരുടെ രക്തം ശേഖരിക്കാൻ കഴിയൂ. വൈറസ് ബാധിച്ചയാളുടെ തുടർച്ചയായ രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായാലാണ് രോഗമുക്തി നേടിയെന്ന് ഉറപ്പിക്കുന്നത്. തുടർന്ന് 14 ദിവസത്തിന് ശേഷം പരിശോധനയ്ക്ക് രക്തം നൽകാം.
രോഗമുക്തി നേടിയവരിലെ ആന്റിബോഡി അടങ്ങിയ പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡോ.ബി.ഇക്ബാലിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ അംഗമായ ഡോ. എ.എസ്.അനൂപ്കുമാർ ചെയർമാനായ ഉപസമിതിയാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകൾ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, അമല ഹോസ്പിറ്റൽ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ട്രാൻസ്‌ഫ്യൂഷൻസ് വിഭാഗം ഡോക്ടർമാരും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഹെമറ്റോളജി ഡോക്ടറുമാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങൾ.
പ്ലാസ്മ ശേഖരിക്കുന്ന ഘട്ടങ്ങൾ
1. രോഗമുക്തി നേടിയവർ സമ്മതം അറിയിച്ചാൽ വീട്ടിലെത്തി രക്തം ശേഖരിക്കും
2. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എലിസ ടെസ്റ്റ്
3. പ്ലാസ്മയുടെ അളവ് നോക്കിയ ശേഷം, ദാതാവിനെ ലാബിൽ എത്തിച്ച് പ്ലാസ്മ ശേഖരിക്കും
നാലു ജീവൻ രക്ഷിക്കാൻ ഒരാൾ
55 കിലോ ഭാരമുള്ള ആളുടെ ശരീരത്തിൽ നിന്ന് 800 മില്ലി പ്ലാസ്മ ശേഖരിക്കും. ഇത് 200 മില്ലി വീതം നാലു ബാഗുകളിലാക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതന് 200 മില്ലിയാണ് നൽകുന്നത്. അതിനാൽ ഒരാൾ നൽകുന്ന പ്ലാസ്മ നാലു പേരുടെ ജീവൻ രക്ഷിക്കും. ഒരിക്കൽ പ്ളാസ്മ നൽകിയ ആൾക്ക് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും നൽകാം. പ്ളാസ്മ ശേഖരിച്ച ശേഷം രക്തം ശരീരത്തിൽ കയറ്റിവിടുകയാണ്.
വിജയസാദ്ധ്യതയേറെ
കൊവിഡിന് പ്ളാസ്മ (കൺവാലസെന്റ് സെറ) ചികിത്സ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഈ ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം പുരോഗതിയുണ്ട്.
'ഡ്രഗ്സ് കൺട്രോളറുടെ അനുമതിക്കായി സമീപിച്ചിട്ടുണ്ട്. അത് ലഭിച്ചാലുടൻ രോഗമുക്തി നേടിയവരിൽ സമ്മതം അറിയിക്കുന്നവരുട രക്തം ശേഖരിച്ച് തുടർ നടപടികളിലേക്ക് കടക്കും.'
- ഡോ. എ.എസ്. അനൂപ്കുമാർ,
പ്ളാസ്മ ചികിത്സയ്ക്കായി നിയോഗിച്ച ഉപസമിതി അദ്ധ്യക്ഷൻ.