മലയിൻകീഴ്: അവശ്യസാധന ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മലയിൻകീഴ് സപ്ലൈകോ പീപ്പിൾ ബസാർ മന്ത്രി തിലോത്തമൻ സന്ദർശിച്ചു. സപ്ലൈകോ വഴി തയാറാക്കുന്ന സൗജന്യ കിറ്റിനെക്കുറിച്ച് മന്ത്രി ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിച്ചു. മലയിൻകീഴിൽ മുൻഗണനാ വിഭാഗത്തിന് ആദ്യഘട്ടം 610 കിറ്റുകളാണ് തയാറാക്കേണ്ടത്. ആട്ട,റവ,പയർ വർഗങ്ങൾ എന്നിവ എത്തിയിട്ടില്ലെന്ന് മാനേജർ വി.വിനോദ് മന്ത്രിയെ അറിയിച്ചു. സാധനങ്ങൾ മലയിൻകീഴ് എത്തിക്കുന്നതിന് മന്ത്രി അപ്പോൾ തന്നെ റീജിയണൽ മാനേജർക്ക് ഫോണിലൂടെ നിർദ്ദേശം നൽകി. ആദ്യഘട്ടത്തിന് ശേഷം കിറ്റുകൾ തയാറാക്കുന്നതിന് മലയിൻകീഴ് സഹകരണ ബാങ്ക് എം.എൻ.ബാലകൃഷ്ണൻ നായർ മെമ്മേറിയൽ ആഡിറ്റോറിയത്തിൽ സജീകരണം ഏർപ്പെടുത്തി.സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.