തിരുവനന്തപുരം: ആട്ടയും പയറും പഞ്ചസാരയും ഉൾപ്പെടെ 17 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റുകളുടെ വിതരണം റേഷൻകടകൾ വഴി ഇന്നലെ തുടങ്ങി. ആദ്യദിവസം 47,000 പേർ വാങ്ങി
ഇന്നലെ ആദിവാസി വിഭാഗത്തിൽ (എസ്.ടി) പെട്ടവർക്കാണ് നൽകിയത്. ശനിയാഴ്ച മുതൽ എ.എ.വൈ വിഭാഗത്തിലുള്ള മറ്റുള്ളവർക്കും ലഭിക്കും.
ഇന്നലെ ഉച്ചയ്ക്ക് 2ന് കോട്ടൂർ ജംഗ്ഷനിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ രണ്ടു പേർക്ക് കിറ്റ് നൽകി മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വനത്തിനുള്ളിലെ പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജീപ്പുകളിൽ കിറ്റ് എത്തിക്കും.
ഉദ്ഘാടന ചടങ്ങിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, പഞ്ചായത്തംഗങ്ങൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു
പോർട്ടബിലിറ്റി ഇല്ല
സൗജന്യ കിറ്റ് വിതരണത്തിന് പോർട്ടബിലിറ്റി സംവിധാനം ഇല്ല. കാർഡ് ഉടമ സ്വന്തം റേഷൻ കടയിൽ പോയി വാങ്ങേണ്ടിവരും. കൊവിഡ് കാലത്ത് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.18,43,911 പേരാണ് സൗജന്യ റേഷൻ പോർട്ടബിലിറ്റി സംവിധാനം വഴി വാങ്ങിയത്.