തിരുവനന്തപുരം: കിടപ്പുരോഗികളെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരെയും പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിക്ക് 20.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 600 രൂപ വീതം മൂന്ന് മാസത്തേയ്ക്കുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. 1,13,713 പേർക്ക് പ്രയോജനം ലഭിക്കും. കിടപ്പുരോഗികൾ, ശാരീരിക, മാനസിക വൈകല്യമുളളവർ, പ്രായാധിക്യം കാരണം കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയാൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, കാൻസർ രോഗികൾ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവരെ പരിചരിക്കുന്നവർക്കാണ് സഹായം ലഭിക്കുക.