തിരുവനന്തപുരം: ലോക്ക് ഡൗണിനോടനുബന്ധിച്ച് റോഡിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിനുള്ള മൊബൈൽ സാനിറ്റേഷൻ ബസിന്റെ ഉദ്ഘാടനം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ എത്തുന്ന ബസിൽ അണുനാശിനി തളിക്കാനുള്ള സംവിധാനവുമുണ്ട്. ബസിന്റെ പിൻവാതിലിലൂടെ പ്രവേശിക്കുന്നവർ മുന്നിൽ എത്തുന്നതിനുള്ളിൽ പൂർണമായും അണുവിമുക്തരാകുന്നതാണ് സംവിധാനം. എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും. തുടർച്ചയായ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.