01

തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം തലസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയുടെ 80 വയസുള്ള അമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ പുതുതായി 131 പേർ നിരീക്ഷണത്തിലായി. 793 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു. 18 പേർ ആശുപത്രി വിട്ടു.

മെഡിക്കൽ കോളേജിൽ 54,​ ജനറൽ ആശുപത്രി 6,​പേരൂർക്കട മാതൃകാ ആശുപത്രി,​ നെയ്യാറ്റിൻകര ജില്ലാആശുപത്രി എന്നിവിടങ്ങളിൽ രണ്ട് വീതവും നെടുമങ്ങാട് ജില്ലാ ആശുപത്രി,​ എസ്.എ.ടി എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവും കിംസ് 13,​ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7, പി.ആർ.എസ് 3,​ ജി.ജി ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 98 പേർ ചികിത്സയിലുണ്ട്. ഇന്നലെ 117 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 142 പരിശോധനാഫലം നെഗറ്റീവാണ്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ 43,​ വിമൻസ് ഹോസ്റ്റൽ 13,​ ഐ.എം.ജി 55,​വേളി സമേതി 15,​ മാർ ഇവാനിയോസ് 23,​ വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളിൽ 103 പേരടക്കം 252 പേർ കരുതൽ നിരീക്ഷണത്തിലുണ്ട്‌.