kovalam

കോവളം: കോവളം ബീച്ചിലെ റസ്റ്റോറന്റുകളിൽ യുവാവിന്റെ അക്രമം. പാച്ചല്ലൂർ സ്വദേശി നടത്തിവന്ന ലിയോ, കോവളം സ്വദേശി രാധ നടത്തിവന്ന പാം ബീച്ച്, കോവളം സ്വദേശി രാകേഷ് നടത്തി വന്ന ഓഷ്യൻ ബ്രീസ് ഗ്രിൽ എന്നീ റസ്റ്റോറന്റുകളിലാണ് അക്രമം നടന്നത്. ബുധനാഴ്ച അർദ്ധ രാത്രിയിലായിരുന്നു സംഭവം. ലിയോ, പാം ബീച്ച് എന്നിവിടങ്ങളിൽ അതിക്രമിച്ചു കയറിയ യുവാവ് കാഷ് കൗണ്ടർ തീയിട്ടു നശിപ്പിക്കുകയും ഓഷ്യൻ ബ്രീസിലിൽ കയറി അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെ മുറിയിൽ പൂട്ടിയിട്ട ശേഷം ജനാലയിലെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ മണിയും മോഷണം പോയിട്ടുണ്ട്. റസ്റ്റോറന്റ് ഉടമകളുടെ പരാതിയിൽ സി.സി.ടിവി പരിശോധിച്ചതിൽ യുവാവ് പൂങ്കുളം സ്വദേശിയായ മാനസിക രോഗിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഹോട്ടലുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് കേസ് എടുക്കാത്തതിൽ ശക്തമായ പ്രതിക്ഷേധവും ഉയർന്നിട്ടുണ്ട്.