തിരുവനന്തപുരം: കൊവിഡിൽ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന അപേക്ഷയുമായി കത്തോലിക്കാസഭാ വിശ്വാസികൾ ഉയിർപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് പ്രാർത്ഥനാ കൂട്ടായ്മ നടത്തും. സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിലിരുന്നാണ് ഒരേസമയം പ്രാർത്ഥനയിൽ പങ്കുചേരേണ്ടത്.
സി.ബി.സി.ഐ അദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭാനേതൃത്വങ്ങളുമായി ആലോചിച്ച ശേഷമാണ് പ്രാർത്ഥനാ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം അറിയിച്ചു.
കൊവിഡ് 19 എന്ന മഹാമാരിയിൽ നിന്നു ലോകത്തെ രക്ഷിക്കണമെന്ന പ്രാർത്ഥനയാണ് ഭാരതത്തിലാകമാനമുള്ള ക്രിസ്തീയ വിശ്വാസികളിൽ നിന്ന് ഒരേസമയം ഉയരുന്നത്. ഇതിനായി പ്രത്യേക പ്രാർത്ഥന തയ്യാറാക്കിയിട്ടുണ്ട്. ഭാരത കത്തോലിക്ക സഭയോടൊപ്പം സന്യസ്തരും അൽമായരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സി.ബി.സി.ഐ ആഹ്വാനം ചെയ്തു.