തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനം വർദ്ധിക്കുന്നില്ലെങ്കിലും സുരക്ഷിതരായി എന്ന ചിന്ത വേണ്ടെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജാഗ്രത ഉപേക്ഷിക്കാനാവില്ല.രോഗവ്യാപന സാദ്ധ്യത ഇല്ലാതായിട്ടില്ല. മോശം കാര്യങ്ങൾ പ്രതീക്ഷിക്കുകയും കരുതൽ നടപടികളെടുക്കുകയും വേണം. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിക്കരുത്.
ഈസ്റ്റർ, വിഷു പ്രമാണിച്ച് സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി കടകളിൽ എത്തുന്നവർ കർശനമായ ശാരീരിക അകലം പാലിച്ചിരിക്കണം. വ്യാപാരികളും സന്നദ്ധസേനകളും പൊലീസും ജനങ്ങളുമെല്ലാം ജാഗ്രതയോടെ ഇടപെടണം.
ക്ഷേമനിധികളുടെ ഭാഗമായവർക്കും അല്ലാത്തവർക്കും സഹായധനമെത്തിക്കും. ആരെയും കൈയൊഴിയില്ല. ഇന്ന് ദുഃഖവെള്ളിയാണ്. രോഗികളെ സുഖപ്പെടുത്തുകയെന്ന ക്രിസ്തുസന്ദേശം ഉൾക്കൊണ്ട് കൊവിഡ് ബാധിതരുടെ സുഖപ്പെടലിനായി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേർത്തുനിറുത്തുകയെന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നൽകിയ സന്ദേശമാണ്-മുഖ്യമന്ത്രി പറഞ്ഞു.