തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.11പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. കണ്ണൂർ,കാസർകോട് ജില്ലകളിൽ നാലു പേർക്ക് വീതവും മലപ്പുറത്ത് രണ്ടു പേർക്കും തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗം പകർന്നത് ഗൗരവകരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട്ട് ഒരാൾ വിദേശത്ത് നിന്നു വന്നതാണ്. തിരുവനന്തപുരം മണക്കാട് രോഗം സ്ഥിരീകരിച്ച സ്ത്രീ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ഇവരുടെ വിദേശത്ത് നിന്നെത്തിയ മകന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ എറണാകുളത്തുള്ള ഒരു വിദേശിയുടേത് അടക്കം 13 പരിശോധനാഫലം നെഗറ്റീവായി.
258 പേർ ചികിത്സയിലാണ്. ആകെ 357 പേരാണ് രോഗബാധിതരായത്. 97 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. 12,553 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 11,469 എണ്ണം നെഗറ്റീവാണ്.