തിരുവനന്തപുരം: കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങൾ നേരിടുന്നുണ്ട്. വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വർദ്ധിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ട് വയ്ക്കാൻ അനുവാദം നൽകുക, സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ച് ശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമ്മാണത്തിനും പുറത്ത് നിന്നുള്ള ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നൊഴിവാക്കുക എന്നീ ആവശ്യങ്ങൾ കത്തിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.