തിരുവനന്തപുരം : ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനുമുള്ള നൂതന സംവിധാനം (സൂപ്പർ അബ്‌സോർബന്റ്) ശ്രീചിത്ര മെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
ബയോ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് 'ചിത്ര അക്രിലോസോർബ് സെക്രീഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ അബ്‌സോർബൻറ് കണ്ടുപിടിച്ചത്. അക്രിലോസോർബിന് സ്രവങ്ങളെ അതിന്റെ ഖര രൂപത്തിലുള്ളതിനേക്കാൾ 20 മടങ്ങ് അധികമായി വലിച്ചെടുക്കാനും അണുബാധ ഇല്ലാതാക്കാനും ശുദ്ധീകരിക്കാനും കഴിയും. വലിച്ചെടുക്കുന്ന വസ്തുവിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ (ജെൽ പോലുള്ളവ) സ്രവങ്ങളെ കട്ടിയാക്കുകയും ഉറപ്പിക്കുകയും ചെയ്യും. ഇത് സ്രവങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും അണുബാധ ഇല്ലാതാക്കുകയും ചെയ്യുന്നു.
രോഗികളിൽ നിന്ന് നീക്കം ചെയ്യുന്ന സ്രവങ്ങൾ സംസ്‌കരിക്കുന്നത് ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്‌നമാണ്. കൊവിഡ് 19പോലെയുള്ള സാംക്രമിക രോഗം ബാധിച്ചവരിൽ നിന്നുള്ള സ്രവങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.