തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ തഹസിൽദാർമാരെ കൊവിഡ് കാലത്ത് ചുമതലകളിൽ നിന്ന് നീക്കിയ കളക്ടറുടെ നടപടി ചട്ടവിരുദ്ധമെന്ന് കണ്ടതിനെ തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ട് റദ്ദാക്കി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തഹസിൽദാർമാരെ ചുമതലയിൽനിന്ന് നീക്കി കളക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവായത്. പകരം സബ് കളക്ടർക്കും ഒരു ഡെപ്യൂട്ടി കളക്ടർക്കും ഇരു താലൂക്കുകളുടെയും ചുമതല കൈമാറുകയായിരുന്നു. കളക്ടറുടെ നടപടിക്കെതിരെ റവന്യൂ ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ മന്ത്രിയെ സമീപിച്ചതിനെ തുടർന്ന് നടപടി ചട്ടവിരുദ്ധമാണോയെന്ന് പരിശോധിക്കാൻ ലാൻഡ് റവന്യൂകമ്മിഷണറോട് നിർദ്ദേശിച്ചു. ലാൻഡ് റവന്യു കമ്മിഷണർ ചട്ടവിരുദ്ധ നടപടിയാണെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കളക്ടറുടെ ഉത്തരവ് റദ്ദാക്കാൻ മന്ത്രി നിർദ്ദേശിച്ചത്.