തിരുവനന്തപുരം : മരത്തിന് മുകളിൽ കെട്ടുന്ന ഏറുമാടം നിലത്തു നിന്നും ഒരാൾപ്പൊക്കം ഉയരത്തിൽ നിർമ്മിച്ച് നാട്ടുകാർക്ക് സ്വസ്ഥമായി ഇരുന്ന് വായിക്കാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് നെട്ട സ്വദേശി ആരോമലും സുഹൃത്തുക്കളും.നെടുമങ്ങാട് നെട്ട ഭദ്രകാളി ക്ഷേത്ര കോമ്പൗണ്ടിലാണ് പ്രകൃതിവിഭവങ്ങൾ കൊണ്ട് ഏറുമാടത്തിന് സമാനമായ നിർമ്മിതി പണിതത്.ലോക്ക് ഡൗൺ കാലത്തെ അലസത മാറ്റിവച്ച് അഞ്ചുകൂട്ടുകാർ ഒത്തുചെന്നപ്പോഴാണ് ഇത്തരമൊരു നിർമ്മാണത്തിന് രൂപമുണ്ടായത്.
ക്ഷേത്ര പരിസരത്തായി മുളയിൽ കസേരയോ,ബെഞ്ചോ പണിയാൻ പറ്റുമോയെന്ന ക്ഷേത്ര ശാന്തിയുടെ ചോദ്യമാണ് ഈ നിർമ്മാണത്തിന് കാരണമായത്.മരത്തിന് മുകളിൽ നിർമ്മിക്കുന്ന ഏറുമാടം നിലത്ത് പണിതാൽ മഴയെയും വെയിലിനെയും കൂസാതെ ആർക്കും സ്വസ്ഥമായിരുന്ന് വായിക്കാൻ കഴിയുമെന്ന ഐ.ടി .ഐ വിദ്യാർത്ഥിയായ ആരോമലിന്റെ അഭിപ്രായം സമീപത്തെ സ്വകാര്യവ്യക്തിയോട് പറമ്പിൽ നിന്നും ആവശ്യമായ മുള വെട്ടിയെടുത്തു.ആയിരം രൂപ മുടക്കി 25 മെടൽ ഓലയും വാങ്ങി.ചകിരികയർ ഉപയോഗിച്ച് ഏഴുദിവസം കൊണ്ട് മാടം റെഡി.ഇതിലേക്ക് കയറാൻ മുളയിൽ ഏണിയും പണിതു. ഈ ചൂട് കാലത്ത് ഈ മാടം വായനയ്ക്കായി ആർക്കും ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഗിരീശൻ , അനൂപ് എസ് .ആനന്ദ്, അതുൽ കൃഷ്ണ, അമൽ കൃഷ്ണ എന്നിവർ ചേർന്നാണ് ഇതിന്റ നിർമ്മാണം പൂർത്തിയാക്കിയത്.