covid-

ആന്റനനറീവൊ: കൊവിഡ് എന്ന ഭീകരനെ ഇങ്ങനെ വളരാൻ അനുവദിച്ചു കൂടാ. രാജ്യത്തെ ചില സസ്യങ്ങളുടെ അത്ഭുതഗുണങ്ങൾ ഉപയോഗിച്ച് കൊറോണയെ തുരത്താനുള്ള ഗവേഷണങ്ങൾ തങ്ങളും തുടങ്ങാൻ പോകുകയാണ്.... പറയുന്നത് മഡഗാസ്‌കറിന്റെ പ്രസിഡന്റായ ആൻഡ്രി രജോലിനയാണ്. കഴിഞ്ഞ ദിവസം ഒരു ടി.വി പരിപാടിയ്ക്കിടെയാണ് ആൻഡ്രി ഈ വെളിപ്പെടുത്തൽ നടത്തിയത്.

' തനിക്കൊരു കത്ത് ലഭിച്ചു. കൊറോണ വൈറസിനുള്ള പ്രതിവിധി മഡഗാസ്‌കറിലുണ്ടെന്നും അത് ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്നും കത്തിൽ പറയുന്നു'- അദ്ദേഹം പറഞ്ഞു.എന്നാൽ ആ സസ്യമേതാണെന്നോ കത്ത് എഴുതിയതാരാണെന്നോ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

ലോകത്തിന്റെ ചരിത്രം തിരുത്താൻ പോകുകയാണ് മഡഗാസ്‌കർ. ഏതായാലും ഈ സസ്യമുപയോഗിച്ച് ഗവേഷണങ്ങൾ നടത്തുമെന്നും രാജ്യത്തെ ശാസ്ത്രജ്ഞരും ലബോറട്ടറികളും ഇതിന് സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും മഡഗാസ്‌കർ ഒരു പ്രതിവിധി കണ്ടെത്തുമെന്നും ആൻഡ്രി പറയുന്നു.

കൊറോണയെ നേരിടാനുള്ള ബദൽ ചികിത്സാമാർഗങ്ങൾ അവകാശപ്പെട്ട് കൊണ്ട് ആൻഡ്രി മുമ്പും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ബദൽ ചികിത്സകൾക്കെതിരെ താക്കീതുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് 93 പേർക്കാണ് മഡഗാസ്‌കറിൽ കൊവിഡ് ബാധയുള്ളത്. ഇതേവരെ മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, നാരങ്ങ, ഇഞ്ചി തുടങ്ങിയവ ഉപയോഗിച്ചുള്ള ഔഷധക്കൂട്ടുകൾക്ക് രാജ്യത്തെ ജനങ്ങൾക്കിടയിൽ വൻ ഡിമാൻഡായിരിക്കുകയാണ്. ഇവയ്ക്ക് കൊറോണ വൈറസിനെ ചെറുക്കാനാകുമെന്നാണ് ഇവരുടെ വിശ്വാസം.

മഡഗാസ്‌കറിന്റെ തലസ്ഥാനമായ ആന്റനനറീവൊ ഉൾപ്പെടയുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും കൊവിഡ് പരിശോധനയ്ക്കായി രക്ത സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. മഡഗാസ്‌കറിലെ ആരോഗ്യ മന്ത്രാലയം കൊവിഡിനെതിരെ റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. കൊറോണ വൈറസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മേഖലകളിലെ തെരുവുകളും മറ്റും അണുവിമുക്തമാക്കുന്നുമുണ്ട്.

കൊറോണ വൈറസുകൾക്കെതിരെ ശരീരത്തിലെ ആന്റിബോഡികളെ ശക്തിപ്പെടുത്താനുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിച്ചു കൊണ്ടും പ്രസിഡന്റ് ആൻഡ്രി രജോലിന കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. കൊറോണ രോഗികൾക്ക് ശ്വസിക്കാൻ മഡഗാസ്‌കറിൽ കാണപ്പെടുന്ന ഔഷധ സസ്യമായ റാവിൻസറയുടെ എണ്ണയും കലോറി കൂടിയ ഭക്ഷണവും മരുന്നുകൾക്കൊപ്പം നൽകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ കൊവിഡിനെതിരെ എന്ന് അവകാശപ്പെടുന്ന ഈ പൊടിക്കൈകൾക്കെതിരെ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പരമ്പരാഗത ചികിത്സാവിധികൾ കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാനാകില്ലെന്ന് വിദ‌ഗ്ദ്ധർ പറയുന്നു. എന്നാൽ, ചിലപ്പോൾ കൊവിഡിന്റെ തീവ്രതയിൽ നിന്നും അല്‌പം ആശ്വാസം നൽകാൻ കഴിഞ്ഞേക്കും. ആരും സ്വയ ചികിത്സ നടത്തരുതെന്നും കൊവിഡിനെതിരെയുള്ള വാ‌ക്‌സിൻ നിലവിലില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മപ്പെടുത്തുന്നു.

ഏപ്രിൽ അഞ്ചിന് അവസാനിക്കേണ്ടിയിരുന്ന അടിയന്തരാവസ്ഥ മഡഗാസ്‌കർ രണ്ടാ‌ഴ്‌ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. അവശ്യവസ്‌തുക്കൾ വില്ക്കുന്ന കടകളൊഴിച്ച് മറ്റ് സ്ഥാപനങ്ങൾ തുറക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. രാത്രി 8 മണി മുതൽ പുലർച്ചെ 5 മണി വരെ രാജ്യമൊട്ടാകെ കർഫ്യൂ നിലനില്ക്കും. സ്‌കൂൾ, യൂണിവേ‌ഴ്‌സിറ്റി, ആരാധനാലയങ്ങൾ തുടങ്ങിയവ അടഞ്ഞു കിടക്കും. 50 ൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്.