crime

തിരുവനന്തപുരം: കൊവിഡ് കേരളത്തിന് ആശങ്കയുടെ കാലമാണങ്കിലും, കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വൻ ഇടിവ്. കൊലപാതകം മുതൽ മോഷണം വരെയുള്ള സകല കുറ്റകൃത്യങ്ങളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലോക് ഡൗൺ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ദേശീയ തലത്തിൽ ഗാർഹിക പീഡനം കൂടിയെങ്കിലും കേരളത്തിൽ വെറും രണ്ട് പരാതികളെ ഉയർന്നുള്ളു. റോഡപകടങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ 94 ശതമാനം കുറഞ്ഞു.

ലോക് ഡൗൺ തുടങ്ങിയ മാർച്ച് 24 മുതൽ ഏപ്രിൽ 6 വരെയുള്ള കുറ്റകൃത്യങ്ങളെ 2019ലെ ഇതേ ദിവസങ്ങളുമായി താരതമ്യം ചെയ്താൽ വളരെ കുറവാണ്. 2019ലെ ഈ ദിവസങ്ങളിൽ 38 പീഡനം നടന്നെങ്കിൽ ഇത്തവണ 10 ആയി കുറഞ്ഞു. ലൈംഗിക ചൂഷണം 13 ൽ നിന്ന് ഒന്നായി.

തട്ടിക്കൊണ്ടുപോകലും ഒന്ന് മാത്രം. കള്ളൻമാരും പുറത്തിറങ്ങാത്ത കാലമാണ്. കവർച്ച 12 ൽ നിന്ന് രണ്ടായപ്പോൾ ചെറിയ മോഷണം പോലും എട്ടിൽ ഒതുങ്ങി. കൊലപാതകമാണ് കുറഞ്ഞെങ്കിലും വലിയ വ്യത്യാസമില്ലാത്തത്. നാല് പെർ കൊല്ലപ്പെട്ടു. പുരുഷൻമാർ വീട്ടിലിരുന്നതോടെ ഗാർഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്നുണ്ടങ്കിലും ഭർത്താവോ ബന്ധുക്കളൊ ഉപദ്രവിച്ചതായി രണ്ടേ രണ്ട് സ്ത്രീകളാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷം 21 ആയിരുന്നു.