ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കുടുങ്ങിയ മകനെ നാട്ടിൽ തിരിച്ചെത്തിക്കാൻ അമ്മ സ്കൂട്ടറോടിച്ചത് 1400 കിലോമീറ്റർ. മൂന്ന് ദിവസമെടുത്ത് ഇത്രയും ദൂരം സ്കൂട്ടറോടിച്ച് മകനെ തെലങ്കാനയിൽ എത്തിച്ചത്. 48-കാരിയായ റസിയ ബീഗമാണ് ഇൗ കിടിലം അമ്മ. ഇൗ യാത്രയ്ക്ക് പൊലീസിന്റെ സ്പെഷ്യൽ അനുമതിയും വാങ്ങിയിരുന്നു. ഭക്ഷണപ്രശ്നം ഉണ്ടാവാതിരിക്കാൻ റൊട്ടിയും വെള്ളവും പായ്ക്ക് ചെയ്തിരുന്നു. റോഡുകളിൽ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു. പക്ഷേ, മകനെ തിരിച്ചെത്തിക്കും എന്ന ദൃഢനിശ്ചയത്തിനുമുന്നിൽ പേടിയെല്ലാം പമ്പകടന്നു.
നിസാമാബാദിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയാണ് റസിയബീഗം. 15 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ എൻജിനിയറിംഗ് ബിരുദധാരിയാണ്. 19കാരനായ രണ്ടാമത്തെ മകൻ നിസാമുദ്ദീൻ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.സുഹൃത്തിനെ യാത്ര അയക്കാൻ വേണ്ടിയാണ് മാർച്ച് 12ന് നിസാമുദ്ദീൻ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.
മകൻ കുടുങ്ങിയ വിവരമറിഞ്ഞ റസിയ എങ്ങനെയും മകനെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങി. മൂത്തമകനെ അയയ്ക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ,പൊലീസ് തടഞ്ഞുവയ്ക്കാൻ ഇടയുണ്ടെന്ന് വ്യക്തമായതോടെ താൻതന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റസിയ പറയുന്നത്. പൊലീസ് വളരെ മാന്യമായാണ് പെരുമാറിയതെന്നും അവർ പറയുന്നു.