തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിച്ചാലും കേരളത്തിലേയ്ക്ക് വരുന്ന പ്രവാസികളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മലയാളികളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പ്രത്യേകയിടങ്ങളില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. യാത്ര തുടങ്ങുമ്പോൾ തന്നെ മൊബൈൽ ഫോൺ വഴി യാത്രാവിവരം റജിസ്റ്റർ ചെയ്യണമെന്നും സര്‍ക്കാരിന്റെ വിദഗ്ധസമിതി അദ്ധ്യക്ഷന്‍ ഡോ.ബി ഇക്ബാല്‍ പറഞ്ഞു. സമൂഹ വ്യാപന പഠനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും അന്തിമ രൂപമായി.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അയയുമ്പോള്‍ താരതമ്യേന സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുന്ന കേരളത്തിലേയ്ക്ക് പ്രവാസികള്‍ കൂട്ടത്തോടെയെത്തുെമന്നാണ് കണക്കുകൂട്ടല്‍. ഈ വെല്ലുവിളി അതിജീവിക്കാന്‍ ഐടി വകുപ്പിന്റെ സഹായത്തോടെ പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന് രൂപം നൽകിക്കഴിഞ്ഞു. യാത്ര തുടങ്ങുമ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഡിജിററല്‍ പാസ് അനുവദിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിമാനത്താവളത്തിനും റെയില്‍വേസ്റ്റേഷനും പുറത്തു കടക്കാനാകൂ. വിമാനത്താവളങ്ങള്‍ക്കും റയില്‍വേ സ്റ്റേഷനുകള്‍ക്കും സമീപം ഹോട്ടലുകളിലുള്‍പ്പെടെ ക്വാറന്റീന്‍ സംവിധാനമൊരുക്കും.
പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങി രോഗസാധ്യത കൂടുതലുളളവരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക സുരക്ഷയൊരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിവര ശേഖരണം. ആന്റിബോഡി പരിശോധന വ്യാപകമാക്കും.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ രോഗങ്ങളുളളവര്‍, അതീവ ജാഗ്രതാ മേഖലകളില്‍ പൊതുജനസമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ തുടങ്ങിയവരെ പരിശോധിക്കും.