തിരുവനന്തപുരം: വളർത്തുനായ കടിച്ചതിന് വാക്സിനെടുക്കാൻ ആശുപത്രിയിലേക്ക് പോയ സി.പി.എം തിരുവല്ലം ബ്രാഞ്ച് സെക്രട്ടറി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. സി.പി.എം തിരുവല്ലം ശാന്തിപുരം ബ്രാഞ്ച് സെക്രട്ടറി വണ്ടിത്തടം കോവിൽവിള വീട്ടിൽ മോഹനൻ (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. നഗരസഭയിലെ താത്കാലിക ജീവനക്കാരനായ മോഹനനെ രണ്ട് ദിവസം മുമ്പ് വീട്ടിൽ വളർത്തുനായ കടിച്ചു. ഇതിന്റെ മൂന്നാം ദിവസത്തെ വാക്സിൻ എടുക്കുന്നതിനായി ജനറൽ ആശുപത്രിയിലേക്ക് പോകാൻ സ്കൂട്ടറിൽ തിരുവല്ലം പഴയപാലം വഴി നഗരത്തിലേക്ക് വരുമ്പോൾ എതിർദിശയിൽ നിന്ന് വൺവേ തെറ്റിച്ച് അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ മോഹനനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൊല്ലത്ത് നിന്ന് തേങ്ങയുമായി നഗരത്തിലേക്ക് വന്നതാണ് പിക്കപ്പ് വാൻ. ഇടിയേറ്റ് റോഡിൽ തെറിച്ച് വീണ മോഹനന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മഹേശ്വരിയാണ് മോഹനന്റെ ഭാര്യ. മഹേഷ് മോഹൻ, മനില മോഹൻ എന്നിവർ മക്കളാണ്.