കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യക്കാരുടെ പൊതുമാപ്പ് നടപടികൾ ആരംഭിക്കുന്നത് ഏപ്രിൽ 16 മുതൽ 20 വരെയാക്കി നീട്ടി. ഏപ്രിൽ 11 മുതൽ 15 വരെയാണ് നേരത്തെ തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ ഇവരെ നാട്ടിലെത്തിക്കാൻ പ്രയാസമായതിനാൽ തീയതി മാറ്റാൻ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയായിരുന്നു.
പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഈം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തന സമയം.
21 മുതൽ 25 വരെ ശ്രീലങ്കക്കാരുടെയും 26 മുതൽ 30 വരെ മറ്റു രാജ്യക്കാരുടെയും രജിസ്ട്രേഷൻ നടക്കും. ലഗേജും രേഖകളുമായി എത്തി രജിസ്ട്രേഷൻ പൂർത്തിയായാൽ പിന്നീട് പുറത്തേക്ക് വിടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ യാത്രാ ദിവസം വരെ കുവൈറ്റ് അധികൃതർ താമസവും ഭക്ഷണവും നൽകും.
എന്നാൽ പ്രതീക്ഷിച്ചത്ര തിരക്ക് രജിസ്ട്രേഷൻ കേന്ദ്രത്തിൽ കാണുന്നില്ല. താമസ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിരിച്ചുപോവാൻ തയ്യാറല്ലെന്നാണ് ഇത് കാണിക്കുന്നത്. മേയ് മുതൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെന്റ മുന്നറിയിപ്പ്. പൊതുമാപ്പിൽ തിരിച്ചുപോവുന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ തടസമില്ല. എന്നാൽ നാടുകടത്തുന്നവർക്ക് തിരിച്ച് പുതിയ വിസയിൽ വരാനാവില്ല.