kejriwal

ന്യൂഡൽഹി: കൊവിഡ് പടർന്നുപിടിക്കുന്നത് തടയാൻ പുതിയ പദ്ധതികളുമായി ഡൽഹി. ഓപ്പറേഷൻ 'ഷീൽഡ്' എന്ന പേരിലാണ് പദ്ധതിയുമായി നടപ്പാക്കുന്നത്. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ സംസ്ഥാനത്തെ 21 പ്രദേശങ്ങൾ പൂർണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.


ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. നിസാമുദ്ദീൻ, മാൾവിയ നഗർ, ബെംഗളി മാർക്കറ്റ്, സങ്കം വിഹാർ, മയൂർ വിഹാർ, ദ്വാരക, ദിൽഷാദ് ഗാർഡൻ, ദിൻപൂർ വില്ലേജ്, കല്ല്യാൺപുരി, പാണ്ടവ് നഗർ, വെസ്റ്റ് വിനോദ് നഗർ, സീമാപുരി തുടങ്ങിയ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

ഈ പ്രദേശങ്ങളിലെ മുക്കും മൂലയും അണുവികുമക്തമാക്കും.ആരേയും ഒരുകാരണവശാലും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാനും അനുമതിയില്ല. എല്ലാ സാധനങ്ങളും അതത് വീടുകളിൽ നേരിട്ടെത്തിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കും. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടികളും ഉണ്ടാവും.


ഒാപ്പറേഷൻ ഷീൽഡിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ ആളുകളേയും നിരീക്ഷിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധനയും നടത്തും. രോഗബാധയുള്ളവരെ അപ്പോൾത്തന്നെ ഐസലോഷനിലേക്ക് മാറ്റും. രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കും.


24 മണിക്കൂറിനുള്ളിൽ 93 പേർക്കാണ് ഡൽഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ ഒമ്പത് പേർ മരിച്ചു. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.