
യു.എ.ഇ: കൊവിഡ് ബാധിച്ച് യു.എ.ഇയിൽ പ്രവാസി ഉൾപ്പടെ രണ്ട് പേർ മരിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇവർ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവർക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നു. വൈറസ് ബാധയിലെ സങ്കീർണതകളെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് അധികൃതർ അറിയിച്ചത്. ഇതോടെ യു.എ.ഇയിൽ മരണം 14 ആയി.
രാജ്യത്ത് ഇന്നലെ 331 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,990 ആയി. രോഗബാധിതരെ കണ്ടെത്താൻ വിപുലമായ പരിശോധനയാണ് യു.എ.ഇ അധികൃതർ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം നാൽപതിനായിരത്തിലധികം പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.