ഏതൻസ് : ഗ്രീസിൽ വീശിയടിക്കുന്ന കനത്ത കാറ്റിൽപ്പെട്ട് ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നതായി പക്ഷി നിരീക്ഷകരുടെ കണ്ടെത്തൽ. ആയിരക്കണക്കിന് സ്വാലോകൾക്കും സ്വിഫ്റ്റുകൾക്കുമാണ് ആഫ്രിക്കയിൽ നിന്നും യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കുള്ള യാത്രയ്ക്കിടെ ജീവൻ നഷ്ടപ്പെടുന്നത്. ഏതൻസിലെ തെരുവുകളിലും അപ്പാർട്ട്മെന്റ് ബാൽക്കണികളിലും, വടക്ക് ഈജിയൻ ദ്വീപുകളിലും പെലപ്പനീസിലെ നോപ്ലിയ തുറമുഖത്തിന് സമീപമുള്ള തടാകക്കരയിലും മറ്റും ദേശാടന പക്ഷികളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈജിയൻ കടലിനു മുകളിലും ഗ്രീസിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് ചെറുപക്ഷികൾ ശക്തമായ കാറ്റിനെ അതിജീവിക്കാനാകാതെ ചത്തുവീഴുകയോ അവയ്ക്ക് പരിക്കേൽക്കുകയോ ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീസിൽ അനുഭവപ്പെട്ട ശക്തമായ കാറ്റും താഴ്ന്ന താപനിലയും ദേശാടന പക്ഷികൾക്ക് വിനയായി.
ചിലയിടങ്ങളിൽ മഴയുമുണ്ടായിരുന്നു. വസന്തകാലത്തും ശിശിരകാലത്തും വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള ദേശാടന പക്ഷിക്കൂട്ടങ്ങൾ ഈജിയൻ കടൽ കടന്ന് ഗ്രീസ് വഴിയാണ് യൂറോപ്യൻ ഭൂഖണ്ഡത്തിലെത്തുന്നത്. എന്നാൽ വായുപ്രവാഹത്തിൽപ്പെട്ട് ഇവ പാതിവഴിയിൽ ചത്തുവീഴുന്നത് ആ സ്‌പീഷിസിന്റെ നിലനില്‌പിനെ തന്നെ ബാധിച്ചേക്കാമെന്ന് പക്ഷി ഗവേഷകർ ആശങ്കപ്പെടുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി തെരുവുകളിലും മറ്റും പക്ഷികൾ ക്ഷീണതരായി വീണാൽ അവയെ പരിചരിക്കാൻ തയാറാകണമെന്നും ഗവേഷകർ പറയുന്നു.