covid

തിരുവനന്തപുരം: ആഗോളവത്കരണ, ഉദാരീകരണ മേഖലകളിൽ കുതിച്ചുപായാൻ ശ്രമിച്ച നമുക്ക് അതിന്റെ അപകടം തിരിച്ചറിയാൻ കഴിഞ്ഞത് കൊവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ മാത്രം. ആഗോളവത്കരണം വന്നപ്പോൾ രാജ്യത്തിന്റെ ആവശ്യം നോക്കാതായി. ജനങ്ങൾക്ക് ആവശ്യമായത് അവിടെത്തന്നെ ഉല്പാദിപ്പിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടു.ലാഭം മാത്രമായിരുന്നു നോട്ടം.

ലൈസൻസ്, ക്വാട്ട,പെർമിറ്ര് രാജ് എന്നൊക്കെപ്പറഞ്ഞ് കുറ്റപ്പെടുത്തിയിരുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ

മരുന്നു കമ്പനികൾ ഏതൊക്കെ മരുന്നുകൾ,​ എപ്പോഴെക്കെ,​ എത്രത്തോളം ഉല്പാദിപ്പിക്കുന്നു എന്നറിയാൻ സർക്കാരിന് കമ്പനികളുടെ പിന്നാലെ നടക്കേണ്ടിവരില്ലായിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പി.പി.ഇ നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് ഉല്പാദനത്തിന്റെ കണക്കുകിട്ടാനും ആഴ്ചകൾ കാത്തിരിക്കേണ്ടി വരില്ലായിരുന്നു.വാക്സിന്റേതു മാത്രമായിരുന്നു സർക്കാരിന്റെ കൈവശം ഉണ്ടായിരുന്ന ഏക കണക്ക്.


ഏറ്രവും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തായിരുന്നു പലതിന്റെയും ഉല്പാദനം. മരുന്നുകൾ നിർമ്മിക്കാൻ ആവശ്യമായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്സിനായി (എ.പി.ഐ) മറ്റു രാജ്യങ്ങളെ ആശ്രയിച്ചു. വില കുറവായതിനാൽ 70 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ലോകം നമ്മെ ആശ്രയിച്ച മരുന്നിന്റെ എ.പി.ഐയ്ക്ക് വേണ്ടി നാം ചൈനയെ നോക്കി.

ആഗോളവത്കരണത്തോടെ സപ്ളൈ ചെയിനുകളായ വൻ കമ്പനികൾ മലിനീകരണം നിറഞ്ഞതും കൂടുതൽ ജോലിക്കാരെ ആവശ്യമുള്ളതുമായ വ്യവസായങ്ങൾ വികസ്വര രാജ്യങ്ങളിലേക്കു മാറ്രി.എത്ര വിലകുറച്ച് വിൽക്കണം, എവിടെ വിൽക്കണം. എത്ര ഉല്പാദിപ്പിക്കണം തുടങ്ങിയവയെല്ലാം ഈ സപ്ലൈ ചെയിനുകൾ നിശ്ചയിച്ചു. കടുത്ത തൊഴിൽ നിയമലംഘനങ്ങൾ നടത്താനും ഉല്പാദനം നടത്തുന്ന ഫാക്ടറികളെ ഇവർ നിർബന്ധിച്ചു.

കൊവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയും മരുന്നും ഉപകരണങ്ങളും കിട്ടാതെ വൻശക്തികൾ പോലും വലയുകയും ചെയ്തപ്പോഴാണ് യു.കെ പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്റും മറ്റു പാശ്ചാത്യ ഭരണാധികാരികളും ആഗോള സപ്ളൈ ചെയിൻ കമ്പനികളെ നിയന്ത്രിക്കാൻ തുനിഞ്ഞത്. അനിയന്ത്രിതമായ ആഗോളവത്കരണത്തിന് പിറകെ പോകാതെ സ്വാശ്രയത്വവും സ്വദേശിയുമാണ് കൂടുതൽ അഭികാമ്യം എന്ന തിരിച്ചറിവിലേക്ക് ലോകം കൂടുതൽ അടുക്കുകയാണ്.

കെ.എം. ഗോപകുമാർ,

തേർഡ് വേൾഡ് നെറ്ര് വർക്ക്