ന്യൂഡൽഹി: പനിക്കുള്ള നമ്മുടെ പാരസെറ്റമോൾ ചെറിയ ഗുളികയല്ല, ആള് പൊളപ്പനാണ്. വിദേശ രാജ്യങ്ങൾ പാരസെറ്റമോളിനുവേണ്ടി കാത്ത് നിൽക്കുകയാണ്. ലോകത്തിലേറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടൺ പാരസെറ്റമോൾ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ മാസം 200 മെട്രിക് ടൺ മാത്രമേ ആവശ്യമുള്ളു. ബാക്കി ഇറ്റലി, ജർമനി, യു.കെ, അമേരിക്ക, സ്‌പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
കൊവിഡ് പകരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോൾ. യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തിൽ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നും പുതിയ ഓർഡറുകളുണ്ട്.
കയറ്റുമതി നിയന്ത്രണമുള്ളതിനാൽ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാൻ സാധിക്കില്ല. നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾക്കുള്ള കയറ്റുമതി നിരോധനത്തിൽ കേന്ദ്രം ഇളവ് നൽകിയിരുന്നു.