nizamudhin-

ന്യൂഡൽഹി: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ ബസുകളിലും ട്രെയിനുകളിലും മറ്റ് യാത്രക്കാർക്ക് പേട വിതരണം ചെയ്തിരുന്നതായി റിപ്പോർട്ട്. ആഗ്രയിൽ നിന്ന് വാങ്ങിയ പേടകളാണ് വിതരണം ചെയ്തത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൂട്ടത്തോട്ടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗൗരവതരമായ വെളിപ്പെടുത്തൽ. ബസിലെയും ട്രെയിനിലെയും യാത്രക്കാരിൽ ബിസിനസുകാരും അഭിഭാഷകരും ഒക്കെയുണ്ടാകും. ഇവർ ഡൽഹി, ബറേലി, ഷഹജാൻപൂർ എന്നിവിടങ്ങളിലേക്ക് സ്ഥിരം യാത്ര ചെയ്യുന്നവരാണ്. ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ വീടുകളിൽ സന്ദർശനം നടത്തിയിട്ടുണ്ടാകാമെന്നും രോഗവ്യാപനം വലിയതോതിൽ ഉണ്ടായേക്കാമെന്നും ഡൽഹി പൊലീസ് പറയുന്നു.

സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ വലിയതോതിൽ പേടകൾ വാങ്ങിയിരുന്നുവെന്ന് ആഗ്രയിലെ കച്ചവടക്കാർ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസ് പറഞ്ഞു. ബസ് കണ്ടക്ടർമാരോടും സ്ഥിരം യാത്രക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തബ്ലീഗുകാർ പേട വിതരണം ചെയ്തിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടതായി ഡൽഹി പൊലീസ് അറിയിച്ചതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.

പേട വിതരണം ചെയ്തത് തെളിയുകയാണെങ്കിൽ, ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം യാത്ര ചെയ്തവരെ തിരിച്ചറിയുക ശ്രമകരമായ ദൗത്യമായിരിക്കുമെന്നാണ് വിലയിരുത്തൽ.