മുംബയ്: കൊവിഡ് സ്ഥിരീകരിച്ചവരും മറ്റ് സ്റ്റാഫുകളും ഒന്നിച്ച് ജോലി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി മുംബയ് ഭാട്യ ആശുപത്രിയിലെ മലയാളി നഴ്സ്. രോഗബാധിതര്‍ക്കും രോഗം ഇല്ലാത്തവര്‍ക്കും ഡ്യൂട്ടി നൽകുന്നു. കോര്‍പറേഷനും ആശുപത്രി മാനേജ്മെന്റും ഒത്തുകളിച്ചു. ഭക്ഷണമില്ല, വസ്ത്രം പോലും മാറാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ രോഗബാധ കണ്ടെത്തിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും നഴ്സ് ആരോപിച്ചു.
അതിനിടെ, മുംബയിൽ മലയാളികൾ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടർന്നു പിടിക്കുകയാണ്. നഗരത്തിലെ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഭാട്യ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർക്കുൾപ്പടെ 14 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു.
വിവിധ ആശുപത്രികളിലായി നൂറിലധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. സ്ഥിതി വഷളായിട്ടും ആശുപത്രി മാനേജുമെന്റുകൾ അലംഭാവം തുടരുകയാണെന്നാണ് ആരോപണം. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 22 പേർക്കാണ് ചേരിയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 1500ലേക്ക് അടുക്കുകയാണ് രോഗികളുടെ എണ്ണം.
സമാനമായ സ്ഥിതിയാണ് കൊൽക്കത്തയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എം.ആർ ബാംഗൂർ ആശുപത്രിയിലും. മലയാളികളായ ആറ് പേർക്കൊപ്പം കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടും ഇവിടെയുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ പാടില്ല, പകരം സർക്കാർ ആശുപത്രിയിലേക്ക് എല്ലാ രോഗികളെയും മാറ്റണമെന്ന നിർദേശപ്രകാരമാണ് ഇവരിവിടെ എത്തിയത്. മൊത്തം ആളൊഴിഞ്ഞ ഒരു വലിയ വാർഡിൽ ഇവരെ ഉപേക്ഷിച്ച നിലയിലാണ്.