ന്യൂഡൽഹി: ഈ മാസം 14 ന് ലോക്ക് ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയോ മറ്റന്നാളോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം ഈ സമയം അറിയിക്കുമെന്നാണ് സൂചന.
നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കർണാടക, ഉത്തർ പ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 നാണ് ലോക്ക്ഡൗൺ അവസാനിക്കുക.