മസ്‌കറ്റ്: ഒമാനിൽ സ്ഥിര താമസക്കാരായ എല്ലാ പ്രവാസികളും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം. പരിശോധനയും ചികിത്സയും എല്ലാവർക്കും സൗജന്യമാണെന്നും മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ആർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദേശ പ്രകാരമാണ് നടപടി.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ചികിത്സ ഉറപ്പുവരുത്തുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദ് പറഞ്ഞു. ഒമാനിൽ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച 41 വയസ് പ്രായമുള്ള വിദേശി മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ മരിച്ച രണ്ട് പേർ സ്വദേശികളാണ്. വ്യാഴാഴ്ച 38 പേർക്ക് കൂടി ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 457 ആയി.