മനാമ: വീട്ടു നിരീക്ഷണം ലംഘിച്ച വിദേശ ഡോക്ടർക്ക് ഒരുമാസം തടവും നാടുകടത്തലും. ഒപ്പം 2,000 ദീനാർ (ഏകദേശം 4,00,000 ഇന്ത്യൻ രൂപ) പിഴയും. ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതിയുടേതാണ് വിധി.നേരത്തെ കൊവിഡ് ബാധിത രാജ്യത്തുനിന്നെത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധിച്ച് 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ച് ഡോക്ടർ തൻെറ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു. സഹജീവനക്കാരുമായി ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടത്.
വിധി എല്ലാവർക്കും ഒരു പാഠമാണെന്നും ആരോഗ്യപ്രവർത്തകരും മന്ത്രാലയവും നിർദേശിക്കുന്ന കാര്യങ്ങൾ ഓരോ പൗരന്റെയും നന്മയ്ക്കാണെന്ന് ബോദ്ധ്യമുണ്ടാകണമെന്നും വിധിയിൽ പറയുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനുമാണ് വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അദ്നാൻ അൽ വിദാഇയെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.