italy

റോം: ഇറ്റലിയിൽ കൊറോണ വൈറസ് ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 13ന് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ലോക്ക് ഡൗൺ മേയ് 3 വരെ നീട്ടിയേക്കും. ഇറ്റലിയിലെ 600 ലക്ഷം ജനങ്ങളുടെ സുരക്ഷയ്ക്കായി ലോക്ക്ഡൗൺ നീട്ടാനാണ് ഉദ്ദേശിക്കുന്നതെന്നും അന്തിമ തീരുമാനം ഇന്നോ നാളെയോ അറിയിക്കുമെന്നും പ്രധാനമന്ത്രി ഗ്യൂസെപ്പെ കോന്റെ അറിയിച്ചു. മാർച്ച് 9 മുതൽ ഇറ്റലിയിൽ ലോക്ക്ഡൗണാണ്. സ്കൂളുകളോ മറ്റ് സ്ഥാപനങ്ങളോ ഒന്നും പ്രവർത്തിക്കുന്നില്ല.

അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുവാദവുമില്ല. ആരോഗ്യമേഖലയിലെ ഗവേഷകർ, പ്രാദേശിക ഭരണകർത്താക്കൾ തുടങ്ങിയവരുമായി ദിവസങ്ങളായി നടന്നു വന്ന ചർച്ചകൾക്കൊടുവിലാണ് ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം. അതേസമയം, ലൈബ്രറി, സ്റ്റേഷനറി കടകൾ, കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ, കാർഷിക മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയ ഇളവുകളോട് പ്രവർത്തിക്കാൻ സാദ്ധ്യതയുള്ളതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നുകൊണ്ടിരിക്കുകയാണെങ്കിലും ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോൾ മുഖ്യമെന്നും അതിനാൽ ലോക്ക്ഡൗൺ നീട്ടേണ്ടത് അനിവാര്യമാണെന്നും കോന്റെ പറഞ്ഞു.

ഇറ്റലിയുടെ വ്യാവസായ സാമ്പത്തിക രംഗത്തെ 45 ശതമാനവും പ്രതിനിധീകരിക്കുന്നത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച വടക്കൻ മേഖലകളായ ലൊംബാർഡി, വെനേറ്റോ, പെയ്‌ഡ്‌മോണ്ട്, എമിലിയ റൊമാന്യ എന്നിവിടങ്ങളാണ്. ഇറ്റലിയിൽ മരണ സംഖ്യ 18,279 ആയി. 1,43,626 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇറ്റലി. അമേരിക്കയും സ്പെയിനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.