1

പൂവാർ: ലോക്ക് ഡൗൺ കാലം പുസ്തകങ്ങളെ സ്നേഹിക്കുന്നവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് രാജഗുരുബാൽ വായനശാല. കഴിഞ്ഞ അര നൂറ്റാണ്ടായി കാഞ്ഞിരംകുളത്ത് പ്രവർത്തിക്കുന്ന വായനശാല വീടുകളിൽ കഴിയുന്നവർക്ക് തങ്ങൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകുകയാണ് ഈ യുവജന സംഘം ലൈബ്രറി. വായിച്ച പുസ്തകങ്ങൾ മറ്റൊരാൾക്ക് കൈമാറി ശീലിച്ചവർ ആ പുസ്തകങ്ങൾ എല്ലാം കൂട്ടിച്ചേർത്ത് ആരംഭിച്ചതാണ് ഈ വായനശാല. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഇവിടുത്തെ പുസ്തക സമ്പത്തിൽ നിന്നും ഏത് പുസ്തകം വേണമെങ്കിലും വീട്ടിലെത്തിച്ച് കൊടുക്കും.

1970 കളിലൽ കാഞ്ഞിരംകുളം യുവജന സംഘം രൂപം കൊണ്ടു. സ്ഥാപകൻ രാജഗുരുബാലും. യുവജന സംഘത്തിന്റെ ശ്രമഫലമായി 1975-ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമാക്കി. ആ വർഷം എം.എൽ.എ കുഞ്ഞുകൃഷ്ണൻ നാടാർ സംഘത്തിന്റെ രക്ഷാധികാരിയായി.

സർക്കാരിന്റെ സാംസ്കാരിക വകുപ്പുമായി സഹകരിച്ച് താല്പര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും സംഗീതം, നൃത്തം, നാടൻപാട്ട്, ശില്പകല, യോഗ തുടങ്ങിയവ പഠിക്കുന്നതിനുള്ള സൗകര്യവും ഇവിടെ നടന്നു വരുന്നു.

ഇവിടെ അംഗമല്ലാത്തവർക്കും ആവശ്യപ്പെട്ടാൽ പുസ്തകം ലഭിക്കും. ഇതിനായി ആരും പണം നൽകേണ്ടതില്ല. പുസ്തകം തിരികെ നൽകണമെന്നു മാത്രം.

ലോക്ക് ഡൗൺ കാലം കുട്ടികൾക്കും മുതിർന്നവർക്കും വീടിന് പുറത്തു പോകാൻ കഴിയാത്ത സാഹചര്യത്തെ അധിജീവിക്കാനും വിരസത അകറ്റാന്നും യുവജന സംഘം ഗ്രന്ഥശാലയുടെ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒപ്പമുണ്ട്. ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള വനിതാ കൂട്ടായ്മയുടെ പ്രസിഡന്റ് സിമി, സെക്രട്ടറി ബിന്ദു എന്നിവർക്കാണ് പുസ്തക വിതരണ ചുമതല.